09 May 2024 Thursday

ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഖബറടക്കം ഇന്ന്; സംസ്‌കാരം പൂർണ ഔദ്യോഗിക ബഹുമതികളോടെ

ckmnews


ഇന്നലെ അന്തരിച്ച സുപ്രിംകോടതി മുൻ ജസ്റ്റിസ് ഫാത്തിമ ബീവിയുടെ സംസ്‌കാര ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആണ് കബറടക്കം നടക്കുക.

വീട്ടിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിയോടെ ഫാത്തിമ ബീവിയുടെ മൃതദേഹം പത്തനംതിട്ട ടൗൺഹാളിലേക്ക് മറ്റും. രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ അതിമോഹനം അർപ്പിക്കും. നിരവധി ആളുകളാണ് ജസ്റ്റിസ് ഫാത്തിമ ബീവിയെ അവസാനമായി ഒരു നോക്ക് കാണാൻ പത്തനംതിട്ടയിലെ വസതിയിലേക്ക് എത്തിയത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോട് ആയിരിക്കും ഇന്ന് സംസ്‌കാര ചടങ്ങുകൾ നടക്കുക.


ഇന്ത്യൻ ന്യായാധിപ ചരിത്രത്തിൽ അവിസ്മരണീയമായ സ്ഥാനമാണ് ജസ്റ്റിസ് എം ഫാത്തിമ ബീവിയ്ക്കുള്ളത്. സുപ്രിം കോടതിയിലെ ആദ്യത്തെ വനിതാ ന്യായാധിപയായി മാറിയ അവർ തന്റെ പ്രവർത്തന മേഖലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായാണ് അറിയപ്പെടുന്നത്. സത്യസന്ധമായും നിർഭയമായും യുക്തിബോേേധത്താടെയും നീതിനിർവഹണം നടത്തിയ ന്യായാധിപയായിരുന്നു അവർ. അഴിമതിയോ സ്വജനപക്ഷപാതമോ കൂടാതെ കർമ്മരംഗങ്ങളിൽ ദീർഘകാലം പ്രവർത്തിച്ച വ്യക്തിത്വമായാണ് ഫാത്തിമ ബീവിയെ കാലം അടയാളപ്പെടുത്തുന്നത്. 1997- 2001 കാലയളവിൽ തമിഴ്നാട് ഗവർണറായും അവർ പ്രവർത്തിച്ചു.


1927 ഏപ്രിൽ 30-ന് പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റേയും ഖദീജാബീവിയുടേയും മകളായി ജനിച്ച ജസ്റ്റിസ് ഫാത്തിമ ബീവി പത്തനംതിട്ട കത്തോലിക്കേറ്റ് ഹൈസ്‌കൂളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും; തിരുവനന്തപുരത്തെ ലോ കോളേജിൽ നിന്നും ഒന്നാം റാങ്കോടെ നിയമബിരുദവും നേടിയശേഷമാണ് 1950-ൽ അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എം എസ് സി കെമിസ്ട്രി പഠിക്കാൻ ആഗ്രഹിച്ച ഫാത്തിമ ബീവിയെ നിയമപഠനരംഗത്തേക്ക് തിരിച്ചുവിട്ടത് ബാപ്പ മീരാ സാഹിബായിരുന്നുവെന്ന് അവർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അന്തരിച്ച കെ ആർ ഗൗരിയമ്മ അവരുടെ സഹപാഠിയായിരുന്നു. മുസ്ലിം പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് പോകാതിരുന്ന ഒരു കാലയളവിൽ മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുമെന്ന ബാപ്പയുടെ നിശ്ചയദാർഢ്യമാണ് അവർക്ക് തുണയായത്.

പി എസ് സി പരീക്ഷയിലൂടെ ആദ്യമായി നിയമിക്കപ്പെട്ട മുൻസിഫായിരുന്നു അവർ. തൃശൂരിലായിരുന്നു ആദ്യ നിയമനം. 1984 ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു. 1989 ഏപ്രിൽ 29-ന് ഹൈക്കോടതിയിൽ നിന്നും വിരമിച്ചശേഷം 1989 ഒക്ടോബർ 6ന് സുപ്രീം കോടതിയിൽ ജഡ്ജിയായി അവർ നിയമിതയായി. 1992 ഏപ്രിൽ 29 വിരമിച്ചശേഷം മനുഷ്യാവകാശ കമ്മീഷൻ അംഗമായും തമിഴ്നാട് ഗവർണറായും പ്രവർത്തിച്ചു. അഴിമതിക്കേസ്സിൽപ്പെട്ട ജയലളിതയ്ക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക നിരസിക്കപ്പെട്ടെങ്കിലും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ അനുവദിച്ചത് വിവാദമായതും 2001-ൽ തമിഴ്നാട് മുൻ മുഖ്യമന്തി കരുണാനിധിയെ അറസ്റ്റ് ചെയ്തപ്പോൾ മുഖ്യമന്ത്രി ജയലളിതയെ അനുകൂലിച്ച് റിപ്പോർട്ട് നൽകിയതും വിവാദമായി. കേന്ദ്രമന്ത്രിസഭാ യോഗം അവരെ നീക്കം ചെയ്യാൻ തീരുമാനിച്ചതിനെ തുടർന്ന് അവർ ഗവർണർപദവി രാജി വച്ചൊഴിയുകയായിരുന്നു.


അവിവാഹിതയായിരുന്നു ജസ്റ്റിസ് ഫാത്തിമ ബീവി. നിയമസംവിധാനത്തിനായി തന്റെ ജീവിതം പൂർണമായും സമർപ്പിച്ച ഫാത്തിമ ബീവിയുടെ ജീവിതം ന്യായാധിപ സംവിധാനത്തിനാകെ മാതൃകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.