09 May 2024 Thursday

കെഎസ്ഇബി മീറ്റർ റീഡർ തസ്തികയിലെ പി.എസ്.സി പട്ടികയും നിയമനവും ഹൈക്കോടതി റദ്ദാക്കി

ckmnews


കൊച്ചി: കെഎസ്‌ഇബിയിലെ മീറ്റർ റീഡർ തസ്തികയിലെ പി.എസ്.സി പട്ടികയും നിയമനവും ഹൈക്കോടതി റദ്ദാക്കി. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ഉള്‍പ്പെടുത്തി പുതിയ പട്ടിക പ്രസിദ്ധീകരിച്ച്‌ നിയമനം നടത്തണമെന്ന് കോടതി ഉത്തരവിട്ടു.


മീറ്റര്‍ റീഡര്‍ തസ്തികയിലെ പിഎസ് സി ലിസ്റ്റില്‍ യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. തൃശൂര്‍ സ്വദേശി മുഹമ്മദ്, കൊല്ലം സ്വദേശി നിസാമുദ്ദീന്‍ തുടങ്ങിയവരാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.


ഈ ലിസ്റ്റിൽനിന്ന് യോഗ്യതയുള്ള പലരെയും തഴഞ്ഞതായും ഹർജിക്കാർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ ഹർജിയിൽ പി.എസ്.സിയുടെയും സർക്കാരിന്‍റെയും വാദങ്ങൾ കേട്ടശേഷമാണ് പുതിയ പട്ടിക പ്രസിദ്ധീകരിച്ച് നിയമനം നടത്തണമെന്ന ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചത്. ജസ്റ്റിസ് അമിത് റാവല്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്.


കെഎസ്‌ഇബിയിലെ മീറ്റർ റീഡർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമനം ലഭിച്ചവരെ ഒഴിവാക്കിയുള്ള റാങ്ക് ലിസ്റ്റാണ് വിവാദമായത്. ഇതോടെ യോഗ്യതയില്ലാത്തവരെ ഉള്‍പ്പെടുത്തിയുള്ള പിഎസ് സി ലിസ്റ്റ് കോടതി ദുര്‍ബലപ്പെടുത്തുകയായിരുന്നു. യോഗ്യരായവരെ ഉള്‍പ്പെടുത്തി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. അതില്‍ നിന്നും നിയമനം നടത്താനും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.