09 May 2024 Thursday

കോട്ടയത്ത് പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസ്

ckmnews


കോട്ടയം മാഞ്ഞൂരിൽ അകാരണമായി കെട്ടിട നമ്പർ നിഷേധിച്ച പഞ്ചായത്തിന്റെ നടപടിക്കെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. പ്രവാസി ഷാജി മോൻ ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസും അയച്ചു. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായുള്ള കേസാണെന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം.

ഈ മാസം ഏഴിനായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജി മോൻ ജോർജ് എന്ന പ്രവാസി സംരംഭകൻ പ്രതിഷേധിച്ചത്. 25 കോടി ചെലവിട്ട് സംരംഭം തുടങ്ങിയിട്ടും ചുവപ്പുനാടയിൽ കുരുക്കിയിട്ട പഞ്ചായത്തിനെതിരായ ഷാജിയുടെ പ്രതിഷേധം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. മന്ത്രിമാരടക്കം നേരിട്ട് ഇടപെട്ട് രണ്ട് മണിക്കൂർ കൊണ്ട് പ്രശ്നത്തിന് പരിഹാരവും ഉണ്ടാക്കി.

പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതി ഷാജിമോൻ തിരികെ യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് ഇപ്പോള്‍ പൊലീസ് നടപടി. സമര ദിനത്തിൽ ഷാജിമോൻ ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും കാട്ടിയാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.