09 May 2024 Thursday

ടിക്കറ്റ് എടുക്കുന്നവർക്കെല്ലാം സീറ്റ് കിട്ടും; വെയ്റ്റിംങ് ലിസ്റ്റ് ഉണ്ടാവില്ല; 5 വർഷത്തിൽ 3000 ട്രെയിൻ കൂടി വരുമെന്ന് റെയിൽവേ മന്ത്രി

ckmnews


എല്ലാവർക്കും സുരക്ഷിത യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടുതൽ പദ്ധതികളുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ 3,000 പുതിയ ട്രെയിനുകൾ കൂടി രാജ്യത്ത് അനുവദിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. രാജ്യത്ത് യാത്രക്കാരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. കൂടാതെ നിലവിൽ റെയിൽവേയിൽ 69,000 പുതിയ കോച്ചുകൾ ലഭ്യമാണെന്നും പ്രതിവർഷം 5,000 പുതിയ കോച്ചുകൾ നിർമിക്കുന്നുണ്ടെന്നും റെയിൽവേ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം 2027 ഓടെ എല്ലാ യാത്രക്കാർക്കും ടിക്കറ്റുകൾ ഉറപ്പാക്കാൻ വെയ്‌റ്റിംഗ് ലിസ്റ്റ് ഒഴിവാക്കുമെന്നും റെയിൽവേ അറിയിച്ചു. അടുത്ത 4-5 വർഷത്തിനുള്ളിൽ യാത്രക്കാരുടെ എണ്ണം പ്രതിവർഷം 800 കോടിയിൽ നിന്ന് 1,000 കോടിയായി ഉയരുമെന്ന പ്രതീക്ഷയിലാണ് ഇത് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഒരു ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. “രാജ്യത്തുടനീളം 3,000 അധിക ട്രെയിനുകൾ കൂടി പ്രവർത്തിപ്പിച്ചാൽ, ‘വെയ്റ്റിംഗ് ലിസ്റ്റ് പ്രശ്‌നം’ പരിഹരിക്കപ്പെടും. ഇതിനായി പുതിയ റെയിൽവേ ലൈനുകളും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും പോലെയുള്ള കാര്യങ്ങൾ ക്രമേണ വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്സവ സീസണോടനുബന്ധിച്ച് വലിയ രീതിയിലുള്ള തിരക്കാണ് പല റെയിൽവേ സ്റ്റേഷനുകളിലും അനുഭവപ്പെട്ടത്. ഇതെല്ലാം കണക്കിലെടുത്താണ് പുതിയ പദ്ധതികൾ രൂപീകരിക്കാനുള്ള റെയിൽവേയുടെ തീരുമാനം.


നിലവിൽ പുതിയ ട്രെയിനുകൾക്കായി പ്രതിവർഷം 5,000 എൽഎച്ച്ബി കോച്ചുകൾ നിർമ്മിക്കാൻ റെയിൽവേ ഒരേസമയം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ എസി, നോൺ എസി കോമ്പോസിഷനുകളിലായി 60,000ലധികം പാസഞ്ചർ കോച്ചുകൾ ലഭ്യമാണ്. സബ്-അർബൻ ഏരിയകളിൽ 5,774 ട്രെയിനുകൾ ഉൾപ്പെടെ രാജ്യത്ത് ദിനംപ്രതി 10,748 ട്രെയിനുകൾ ആണ് സർവീസ് നടത്തുന്നത്. ഒക്ടോബർ 1 നും ഡിസംബർ 31 നും ഇടയിൽ ഉത്സവ തിരക്ക് ഒഴിവാക്കാൻ റെയിൽവേ 6,754 അധിക ട്രെയിൻ സർവീസുകൾ നടത്തുന്നുണ്ട്,. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,614 ട്രിപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്.