08 December 2023 Friday

വധശിക്ഷയ്‌ക്കെതിരായ നിമിഷപ്രിയയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി: കേന്ദ്രസർക്കാർ

ckmnews



ന്യൂഡൽഹി∙ യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷയ്‌ക്കെതിരായ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളി. കേന്ദ്ര സർക്കാർ ഡൽഹി ഹൈക്കോടതിയെയാണ് ഇക്കാര്യം അറിയിച്ചത്.നിമിഷപ്രിയ നൽകിയ അപ്പീലിൽ ഇളവ് അനുവദിക്കാൻ ഇനി യെമൻ പ്രസിഡന്റിനു മാത്രമേ കഴിയൂവെന്നും കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. 


യെമനിലേക്ക് പോകാൻ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴായിരുന്നു കേന്ദ്രസർക്കാരിന്റെ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. യെമനിലേക്ക് ആരൊക്കെയാണ് പോകുന്നതെന്നും അവരെ വിടുന്നതുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കകം തീരുമാനം അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു. 

2017ൽ യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ യെമൻ തലസ്ഥാനമായ സനായിലെ ജയിലിലാണ്. നിമിഷപ്രിയയുടെ ഹർജി നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകിയാൽ പ്രതിക്കു ശിക്ഷായിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചയ്ക്കു തയാറാണെന്നും 50 ദശലക്ഷം യെമൻ റിയാൽ (ഏകദേശം 1.5 കോടി രൂപ) ദയാധനം (നഷ്ടപരിഹാരത്തുക) നൽകേണ്ടി വരുമെന്നും യെമൻ ജയിലധികൃതർ നേരത്തെ അറിയിച്ചിരുന്നു.