09 May 2024 Thursday

ലോകകപ്പ് ക്രിക്കറ്റ്:സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

ckmnews

ലോകകപ്പ് ക്രിക്കറ്റ്:സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍


സെമിയിൽ ന്യൂസിലൻഡിനെ 70 റൺസിന് തര്‍ത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍. ഇത് 4ാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിൽ എത്തുന്നത്. 2019ലെ ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ചാണ് കീവിസ് ഫൈനലില്‍ കടന്നത്. ഈ ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ രണ്ടുവട്ടം തോല്‍പിച്ചു. ഫൈനലില്‍ ദക്ഷിണാഫ്രിക്ക – ഓസീസ് മല്‍സരവിജയികളെ നേരിടും. ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തുന്നത് 12 വര്‍ഷത്തിന് ശേഷമാണ്. ഇന്ത്യ  397/4 ന്യൂസീലന്‍ഡ് 330/10


തുടക്കത്തിലെ ബാറ്റിങ് തകർച്ചയിൽനിന്ന് കിവീസിനെ കരകയറ്റി ഡാരിൽ മിച്ചലും ക്യാപ്റ്റൻ കെയ്ൻ വില്യംസനും. ഡാരിൽ മിച്ചല്‍ സെഞ്ചറി നേടിയപ്പോൾ വില്യംസനൻ അര്‍ധ സെഞ്ചറി നേടി പുറത്തായി. ഇന്ത്യ ഉയർത്തിയ 398 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവീസിന് 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഓപ്പണർമാരെ നഷ്ടപ്പെട്ടിരുന്നു. പിന്നീടൊന്നിച്ച വില്യംസൻ – മിച്ചൽ സഖ്യം ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 181 റൺസ് കൂട്ടിച്ചേർത്തു.


ആദ്യം ബാറ്റുചെയ്ത ഇന്ത്യ സൂപ്പർ താരം വിരാട് കോലിയുടേയും ശ്രേയസ് അയ്യരുടെയും സെഞ്ചറികളുടെ മികവിൽ ന്യൂസീലൻഡിനു മുന്നിൽ 398 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമുയർത്തുകയായിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 397 റൺസാണ് അടിച്ചുകൂട്ടിയത്. വിരാട് കോലി ഏകദിന കരിയറിലെ 50–ാം സെഞ്ചറി കണ്ടെത്തിയ മത്സരത്തിൽ ബാറ്റിങ് റെക്കോർഡുകൾ പലതും മാറ്റിക്കുറിച്ചാണ് ടീം ഇന്ത്യ മുന്നേറിയത്. ഇന്ത്യയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ കിവീസ് ബോളിങ് നിര നിഷ്പ്രഭമായി.


ഏകദിന ക്രിക്കറ്റിൽ 50 സെഞ്ചറി പൂർത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടത്തോടെയാണ് കോലി ഇന്ന് ക്രീസ് വിട്ടത്. ഇതിഹാസ താരം സച്ചിൻ തെൻഡുൽക്കറുടെ 49 സെഞ്ചറികളെന്ന റെക്കോർഡാണ് കോലി മറികടന്നത്. ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ്, ഏറ്റവും കൂടുതൽ 50+ സ്കോർ നേടുന്ന താരം എന്നീ റെക്കോർഡുകളിലും കോലി സച്ചിനെ മറികടന്നു.