Malappuram
മൃതദേഹം സംസ്‌കരിക്കാന്‍ കുഴിയെടുക്കുന്നതിനിടെ 46കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം: എടക്കരയില്‍ മൃതദേഹം സംസ്‌കരിക്കാനായി ശ്മശാനത്തില്‍ കുഴിയെടുക്കുന്നതിനിടയില്‍ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. എടക്കര തമ്പുരാന്‍കുന്ന് അരീക്കോടന്‍ സുനില്‍ എന്ന തെയ്യന്‍ സുനില്‍ (46) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം.
ചാലി കോളനിയില്‍ മരിച്ച വീട്ടമ്മയുടെ ശരീരം സംസ്‌കരിക്കാനായി പാലുണ്ട പേട്ടക്കുന്നിലെ ശ്മശാനത്തില്‍ കുഴിയെടുക്കുമ്പോള്‍ സുനിലിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എടക്കര ഗ്രാമപഞ്ചായത്തിലെ താല്‍ക്കാലിക ശുചീകരണ തൊഴിലാളിയും പേട്ടക്കുന്ന് ശ്മശാനത്തിലെ ജീവനക്കാരനുമായിരുന്നു. സുപ്രിയയാണ് ഭാര്യ. മക്കള്‍: സുമേഷ്, സാന്ദ്ര.