09 May 2024 Thursday

മദ്യപാനം പ്രോൽസാഹിപ്പിക്കുന്ന വീഡിയോ; യൂട്യൂബ് വ്ലോഗർ അറസ്റ്റിൽ

ckmnews


പാലക്കാട്: മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെ തുടർന്ന് യുട്യൂബ് വ്‌ളോഗര്‍ അറസ്റ്റിലായി. ചെര്‍പുളശ്ശേരി സ്വദേശി അക്ഷജിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചെര്‍പ്പുളശ്ശേരി റേഞ്ച് എക്‌സൈസ് സംഘമാണ് അക്ഷജിനെ അറസ്റ്റ് ചെയ്തത്. നാടന്‍ ബ്ലോഗര്‍ എന്ന പേരിൽ അക്ഷജദ് നടത്തുന്ന യൂട്യൂബ് ചാനൽ വഴിയാണ് വിവാദ വീഡിയോ പങ്കുവെച്ചത്.


മദ്യം മിക്‌സ് ചെയ്യുന്നതും, കോക്ക്‌ടെയില്‍ ഉണ്ടാക്കുന്നതുമായ വീഡിയോകളാണ് അക്ഷജ് യൂട്യൂബ് വഴി പങ്കുവെച്ചിരുന്നത്. കുട്ടികളില്‍ ഉള്‍പ്പെടെ മദ്യപാന ആസക്തി ഉണ്ടാക്കാവുന്ന തരത്തില്‍ നിരവധി വീഡിയോകളാണ് ഇന്‍സ്റ്റഗ്രാമിലടക്കം ഇയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതേക്കുറിച്ച് പരാതി ലഭിച്ചതോടെ എക്സൈസ് ഇയാളുടെ സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷിച്ചുവരികയായിരുന്നു.


പരാതിയിൽ കഴമ്പുണ്ടെന്ന് വ്യക്തമായതോടെയാണ് കഴിഞ്ഞ ദിവസം എക്സൈസ് സംഘം അക്ഷജിന്‍റെ വീട്ടിൽ പരിശോധന നടത്തിയത്. അക്ഷജിന്റെ വീട്ടില്‍ നിന്നും വീഡിയോ റെക്കോര്‍ഡ് ക്യാമറയും ലാപ്ടോപ്പ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങളും കണ്ടെടുത്തു.


വീട്ടില്‍ നടത്തിയ റെയ്ഡില്‍ അനധികൃതമായി വൈൻ നിര്‍മ്മാണത്തിന് തയ്യാറാക്കിയ 20 ലിറ്റര്‍ വാഷ് മിശ്രിതവും 5 ലിറ്റര്‍ വൈനും പിടികൂടി. പ്രതിയെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മെയ് മാസത്തിലും അക്ഷജിനെ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു