09 May 2024 Thursday

‘മൈ ലോര്‍ഡ്’ വിളി വേണ്ട!! നിര്‍ത്തികൂടേയെന്ന് സുപ്രീംകോടതി

ckmnews



അഭിഭാഷകര്‍ നിരവധി തവണ മൈ ലോര്‍ഡ് എന്ന് വിളിച്ചതിനെ വിമര്‍ശിച്ച് സുപ്രീംകോടതി. വിചാരണ നടപടികള്‍ക്കിടയില്‍ നിരന്തരം മൈ ലോര്‍ഡ് എന്ന് അഭിസംബോധന ചെയ്തപ്പോഴാണ് ജസ്റ്റിസ് പി എസ് നരസിംഹ അനിഷ്ടം പ്രകടിപ്പിച്ചത്. ജസ്റ്റിസ് ബൊപ്പണ്ണയും ജസ്റ്റിസ് പി എസ് നരസിംഹയും അടങ്ങുന്ന ബെഞ്ചില്‍ വാദം പറയുകയായിരുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വാദത്തിനിടയില്‍ നിരവധി തവണ ‘മൈ ലോര്‍ഡ്’ എന്നും ‘യുവര്‍ ലോര്‍ഡ്ഷിപ്’ എന്നും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.

‘എത്ര തവണയാണ് നിങ്ങള്‍ ‘മൈ ലോഡ്‌സ്’ എന്നു പറയുന്നത്. നിങ്ങള്‍ ഈ വിളി നിര്‍ത്തുകയാണെങ്കില്‍ എന്റെ ശമ്പളത്തിന്റെ പകുതി തന്നേക്കാം’ എന്നാണ് ജസ്റ്റിസ് പറഞ്ഞത്. മൈ ലോര്‍ഡ് ഒഴിവാക്കി സര്‍ എന്ന് ഉപയോഗിക്കാനും അദ്ദേഹം നിര്‍ദേശിച്ചു.

കോടതികളില്‍ ‘മൈ ലോര്‍ഡ്’ എന്നും ‘യുവര്‍ ലോര്‍ഡ്ഷിപ്’ എന്നും അഭിസംബോധന ചെയ്യരുതെന്ന് 2006 ല്‍ ബാര്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യ പ്രമേയം പാസാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കീഴ്‌കോടതികളില്‍ ഈ പ്രവണത കുറഞ്ഞെങ്കിലും പരമോന്നത കോടതിയിലെ മിക്ക അഭിഭാഷകരും ഇത് പിന്തുടര്‍ന്ന് പോകുകയായിരുന്നു. കോടതികളിലെ ഇത്തരം അഭിസംഭോധനകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യമുന്നയിക്കുന അഭിഭാഷക സംഘടനകളും നിലവിലുള്ള സാഹചര്യത്തിലാണ് കോടതിയുടെ ഈ പരാമര്‍ശം.