09 May 2024 Thursday

പൊലീസിന്‍റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ നട്ടെല്ല് തകർന്നെന്ന് പരാതി

ckmnews


കൊച്ചി: പൊലീസിന്‍റെ ക്രൂരമർദനത്തിൽ വിദ്യാർഥിയുടെ നട്ടെല്ല് തകർന്നെന്ന് പരാതിയുമായി വീട്ടുകാർ. കോട്ടയം പാലാ സ്റ്റേഷനിലെ രണ്ട് പൊലീസുകാ‌ര്‍ക്കെതിരെ പതിനേഴുകാരനായ വിദ്യാർഥിയും വീട്ടുകാരും പരാതിയുമായി രംഗത്തെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ പാർഥിപനാണ് പൊലീസ് മർദനമേറ്റ് ചികിത്സയിൽ കഴിയുന്നത്. പൊലീസിന്‍റെ ക്രൂര മ‌ർദനത്തില്‍ നട്ടെല്ലിന് പരിക്ക് പറ്റിയെന്ന് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ പറയുന്നു.


ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് പരാതിക്ക് ഇടയായ സംഭവം ഉണ്ടായത്. പെരുമ്പാവൂരിലെ വീട്ടില്‍ നിന്ന് രാവിലെ സുഹൃത്തിനെ വിളിക്കാൻ കാറുമായി ഇറങ്ങിയതായിരുന്നു പാർഥിപൻ. പാലാ ജംഗ്‌ഷനില്‍ എത്തിയപ്പോള്‍ പൊലീസ് കൈകാണിച്ചു. എന്നാൽ ഇത് ശ്രദ്ധിക്കാതിരുന്ന പാർഥിപൻ കാറുമായി മുന്നോട്ടുപോയി. ഇതോടെ പിന്നാലെയെത്തിയ പൊലീസ് പാർഥിപനെ കസ്റ്റഡിയിലെടുത്തു.


വാഹനത്തിൽ നിന്ന് ഇറങ്ങിയ പാർഥിപനോട് ലഹരിമരുന്ന് ഉണ്ടോയെന്നാണ് ചോദിച്ചത്. ഇല്ലെന്ന് മറുപടി നൽകിയെങ്കിലും പൊലീസ് വാഹനത്തിൽ സ്റ്റേഷനിലെത്തിച്ച് മർദിക്കുകയായിരുന്നു. സിസിടിവി ഇല്ലാത്ത ഭാഗത്തുവെച്ചാണ് തന്നെ ക്രൂരമായി മർദിച്ചതെന്ന് പാർഥിപൻ പറയുന്നു.

അതേസമയം വിദ്യാർഥിയുടെ ആരോപണം നിഷേധിച്ച് പൊലീസ് രംഗത്തെത്തി. തങ്ങൾ പാർഥിപനെ മർദിച്ചിട്ടില്ലെന്നും വിദ്യാർഥി പറയുന്നത് കള്ളമാണെന്നുമാണ് പാലാ പൊലീസ് പറയുന്നത്. ലൈസൻസ് ഇല്ലാത്തതിനാൽ കസ്റ്റഡിയിലെടുത്തെങ്കിലും മർദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു. നട്ടെല്ലിന് പരിക്കേറ്റ നിലയിൽ പാർഥിപനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോൾ.