08 May 2024 Wednesday

രേഖകളില്‍ കൃത്രിമം കാട്ടി 2500 രൂപ തട്ടിയ കൃഷി ഓഫീസർക്ക് 3 വർഷം തടവും 20,000 രൂപ പിഴയും

ckmnews


രേഖകളില്‍ കൃത്രിമം കാണിച്ച് 2500 രൂപ തട്ടിയെടുത്ത കൃഷി ഓഫീസര്‍ക്ക് 3 വര്‍ഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. ഇടുക്കി കാന്തല്ലൂര്‍ കൃഷി ഓഫീസറായിരുന്ന പി.പളനിയ്ക്കാണ് അഴിമതി നിരോധനവകുപ്പ് പ്രകാരം മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി എന്‍.വി രാജു ശിക്ഷ വിധിച്ചത്. 5 കര്‍ഷകര്‍ക്ക് കൃഷിക്കുള്ള കരിമ്പിന്‍ വിത്ത് വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടത്തിയാണ് ഇയാള്‍ 2500 രൂപ തട്ടിയെടുത്തത്.


കേസിൽ രണ്ടാം പ്രതിയായി വിജിലൻസ് ഉൾപ്പെടുത്തിയിരുന്ന സീനിയർ അഗ്രികൾചറൽ അസിസ്റ്റന്റ് കെ. ഐസക്കിനെ കോടതി വിട്ടയച്ചു. പി. പളനിയെ കരിമ്പ് കൃഷിയുടെ ആനുകൂല്യങ്ങൾ തട്ടിയെടുത്തതിന്റെ പേരിൽ നേരത്തെയും വിജിലൻസ് കോടതി ശിക്ഷിച്ചിരുന്നു.

ഇടുക്കി വിജിലൻസ് ഡിവൈഎസ്പി കെ.വി. ജോസഫ് രജിസ്റ്റർ ചെയ്ത കേസിൽ ഇടുക്കി വിജിലൻസ് ഇൻസ്പെക്ടർമാരായ എ.സി. ജോസഫ്, ജിൽസൺ മാത്യു എന്നിവരാണ് അന്വേഷണം നടത്തിയത്. ഇടുക്കി വിജിലൻസ് ഡിവൈഎസ്പി പി.ടി. കൃഷ്ണൻകുട്ടിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.