09 May 2024 Thursday

‘ഹാക്കിംഗ് ശ്രമം’; പ്രതിപക്ഷ നേതാക്കൾക്ക് ആപ്പിളിൻ്റെ മുന്നറിയിപ്പ്, പിന്നിൽ കേന്ദ്രമെന്ന് ആരോപണം

ckmnews


ന്യൂഡെല്‍ഹി:പ്രതിപക്ഷ നേതാക്കളുടെ ആപ്പിൾ ഉപകരണങ്ങൾ ഹാക്ക് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം. ഫോണിലും ഇ-മെയിലിലും ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീൻഷോട്ട് പങ്കുവെച്ചാണ് പ്രതിപക്ഷ നേതാക്കൾ ആരോപണം ഉന്നയിക്കുന്നത്. കേന്ദ്രസർക്കാർ ഫോൺ ചോർത്താൻ ശ്രമിക്കുന്നുവെന്നാണ് ആരോപണം.


തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയാണ് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ചത്. മഹുവ മൊയ്ത്ര, ശിവസേന(യുബിടി) നേതാവ് പ്രിയങ്ക ചതുർവേദി, കോൺഗ്രസ് നേതാക്കളായ പവൻ ഖേര, ശശി തരൂർ, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, എഎപി നേതാവ് രാഘവ് ഛദ്ദ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുൾപ്പെടെ പ്രതിപക്ഷ നേതാക്കളുടെ ഫോൺ ഹാക്ക് ചെയ്യാൻ ശ്രമിച്ചെന്നാണ് ആരോപണം.


ഹാക്കിംഗ് ശ്രമത്തെക്കുറിച്ച് ആപ്പിളിൽ നിന്ന് മുന്നറിയിപ്പ് സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മഹുവ പറയുന്നു. തിങ്കളാഴ്ച രാത്രിയും ചൊവ്വാഴ്ച പുലർച്ചെയുമായാണ് സന്ദേശങ്ങൾ ലഭിച്ചത്. ഇതിൻ്റെ സ്‌ക്രീൻഷോട്ടുകളും ട്വീറ്റിനൊപ്പം മഹുവ പങ്കുവച്ചിട്ടുണ്ട്. സർക്കാർ പിന്തുണയോടെയുള്ള ഹാക്കർമാർ നിങ്ങളുടെ ഐഫോൺ ലക്ഷ്യമിടുന്നുവെന്നാണ് ആപ്പിൾ നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. മുന്നറിയിപ്പിനെ ഗൗരവത്തോടെ കാണണമെന്നും ആപ്പിൽ ഇ-മെയിൽ സന്ദേശത്തിൽ പറയുന്നു.