09 May 2024 Thursday

ചക്രവാതച്ചുഴിയും വടക്ക് കിഴക്കൻ കാറ്റും; സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കക്കും കോമറിൻ മേഖലക്കും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കേ ഇന്ത്യക്കു മുകളിലേക്ക് വീശുന്ന കിഴക്കൻ വടക്ക് കിഴക്കൻ കാറ്റിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നത്.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ആറ് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.ഈ ജില്ലകളിൽ 51 മില്ലി മീറ്റർ മുതൽ 75 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. അതേസമയം ബുധൻ വ്യാഴം ദിവസങ്ങളിൽ കാര്യമായ മഴ മുന്നറിയിപ്പുകള്‍ ഇല്ല.

എന്നാൽ വെള്ളിയാഴ്ച 9 ജില്ലകളിലും ശനിയാഴ്ച 11 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്.ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.