09 May 2024 Thursday

പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; എൻഐഎ സംഘം കളമശേരിയിൽ

ckmnews

പൊട്ടിയത് ടിഫിൻ ബോക്സ് ബോംബ്; എൻഐഎ സംഘം കളമശേരിയിൽ


കൊച്ചി∙ കളമശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെ സ്‌ഫോടനമുണ്ടായ കൺവെൻഷൻ സെന്ററിൽ ‌എൻഐഎ സംഘമെത്തി. കൊച്ചി എൻഐഎ യൂണിറ്റിൽനിന്നുള്ള സംഘമാണു സ്ഥലത്തെത്തിയത്. കളമശ്ശേരിയിൽ പൊട്ടിയത് ടിഫിൻ ബോക്സ് ബോംബാണെന്ന് സ്ഥിരീകരിച്ചു. ഐഇഡി (Improvised explosive device) അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രഹരശേഷി കുറഞ്ഞ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചെന്നാണു നിഗമനം. സംഭവസ്ഥലത്തു വെടിമരുന്നിന്റെ സാന്നിധ്യവുമുണ്ട്.


സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ജാഗ്രത നിർദേശം പ്രഖ്യാപിച്ചു. ജാഗ്രത പാലിക്കാൻ ജില്ലാ പൊലീസ് മേധാവികൾക്കു നിർദേശം നൽകിയിട്ടുണ്ട്. ഡിജിപി ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തും. രാവിലെ 9.40നാണ് കളമശേരിയിലെ സമ്ര കൺവെൻഷൻ സെന്ററിൽ  സ്ഫോടനം നടന്നത്. ഒരു സ്ത്രീ മരിച്ചു. 36 പേർക്കു പരുക്കേറ്റു. ഏഴുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ചയാണു  യഹോവ സാക്ഷികളുടെ സമ്മേളനം ആരംഭിച്ചത്. സമ്മേളനത്തിന്റെ സമാപനദിവസമായിരുന്നു ഇന്ന്. 2000ൽ ഏറെ പേരാണ് സ്ഫോടനം നടക്കവേ ഹാളിൽ ഉണ്ടായിരുന്നത്