09 May 2024 Thursday

ഇന്നും ശക്തമായ മഴ; ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനു സാധ്യത, ഹമൂർ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത്; മഴ മുന്നറിയിപ്പ്

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴക്കാണ് സാധ്യത. ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ ആലപ്പുഴ, കോട്ടയം ജില്ലകളിൽ  അടുത്ത മൂന്ന്  മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടി മിന്നലോട് കൂടിയ  മിതമായ മഴയ്ക്കും  മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര  കാലാവസ്ഥ  വകുപ്പ്  അറിയിച്ചു. അതേസമയം ബംഗാൾ ഉൾക്കടലിലെ ഹമൂൺ ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. അടുത്ത മണിക്കൂറുകളിൽ ചുഴലിക്കാറ്റ് ബംഗ്ലാദേശ് തീരത്ത് കര തൊടുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മഴയെത്തുടർന്ന് ഇടിക്കിയിലെ കല്ലാർ ഡാം തുറന്നു. ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതിന് പിന്നാലെയാണ് രണ്ടു ഷട്ടര്‍ പത്തു സെന്‍റീമീറ്റര് വീതം തുറന്നത്.  വൃഷ്ടി പ്രദേശങ്ങളില്‍ രാത്രി വരെ  ശക്തമായ മഴ പെയ്തതിനാലാണ്  ഡാമിൽ ജലനിരപ്പുയർന്നത്. നിലവിൽ 823.7 മീറ്ററാണ് ജലനിരപ്പ്, 824.48 മീറ്ററാണ് പരമാവധി സംഭരണ ശേഷി. ഷട്ടർ തുറന്നതിനാൽ പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതർ നിർദ്ദേശം നൽകി.