09 May 2024 Thursday

കൊല്ലാൻ പോകാൻ യൂണിഫോം തരില്ല’;ഇസ്രയേൽ സൈന്യത്തിനുള്ള യൂണിഫോം ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ

ckmnews

‘കൊല്ലാൻ പോകാൻ യൂണിഫോം തരില്ല’;ഇസ്രയേൽ സൈന്യത്തിനുള്ള യൂണിഫോം ഓർഡർ റദ്ദാക്കി മലയാളി കമ്പനി ഉടമ


കൂത്തുപറമ്പ് (കണ്ണൂർ) ∙ യുദ്ധഭീകരത അവസാനിപ്പിക്കാതെ ഇസ്രയേൽ സൈന്യത്തിനു യൂണിഫോം നിർമിച്ചു നൽകില്ലെന്ന് മരിയൻ അപ്പാരൽസ്. ഒരു ലക്ഷം യൂണിഫോമിനു കൂടി ഓർഡർ ലഭിച്ചെങ്കിലും കരാറിൽനിന്നു പിൻവാങ്ങുകയാണെന്നു കമ്പനി അധികൃതർ വ്യക്തമാക്കി. 2012 മുതലാണ് ഇസ്രയേൽ സൈന്യത്തിനു മരിയൻ അപ്പാരൽസ് യൂണിഫോം തയാറാക്കി നൽകാൻ തുടങ്ങിയത്. 


15 വർഷമായി വ്യവസായ വളർച്ചാകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ കയറ്റുമതിക്കുള്ള വസ്ത്രങ്ങളാണു നിർമിക്കുന്നത്. 1500 ൽ അധികം തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനത്തിൽ 95 ശതമാനവും വനിതകളാണ്. 


ഇസ്രയേൽ സൈന്യത്തിനു മാത്രമല്ല, ഫിലിപ്പീൻസ് ആർമി, ഖത്തർ ആർമി, കുവൈത്ത് എയർഫോഴ്‌സ്, കുവൈത്ത് നാഷനൽ ഗാർഡ് തുടങ്ങിയവയ്ക്കും ഇവിടെ യൂണിഫോം നിർമിക്കുന്നുണ്ട്. തൊടുപുഴ സ്വദേശിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി മുംബൈ ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്.