09 May 2024 Thursday

ഭിന്നശേഷി അധ്യാപക നിയമന കോഴയ്ക്ക് തടയിടാൻ സർക്കാർ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി

ckmnews


എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി അധ്യാപക നിയമനത്തിന് പണം ഈടാക്കുന്നത് തടയാൻ സർക്കാർ നീക്കം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി മാത്രമേ നിയമനം നടത്താവൂ എന്ന് സ്കൂൾ മാനേജര്‍മാര്‍ക്ക് നേരിട്ട് സർക്കാർ നിർദേശം നൽകി. ഇതോടെ മാനേജ്‌മെന്റുകളുടെ ഇഷ്ടപ്രകാരമുള്ള നിയമനങ്ങൾക്ക് വഴിയടയും.

എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനത്തിൽ ഭിന്നശേഷി സംവരണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് നടപ്പാക്കാതെ 2018 നവംബർ 18 മുതൽ നിയമിച്ചവർക്ക് നിയമനാനുമതി നൽകരുതെന്നും നിർദേശിച്ചു. ഇതേത്തുടർന്നാണ് മുൻകാല പ്രാബല്യത്തോടെ നിയമനം നടത്താനും പുതിയ ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്യാനും സർക്കാർ ഉത്തരവിറക്കിയത്.

ഇതിന്റെ മറവിൽ എയ്ഡഡ് സ്കൂൾ നിയമനത്തിന് ലക്ഷങ്ങൾ കോഴ വാങ്ങുന്നത് തടയാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമം. സ്കൂൾ മാനേജ്മെന്റിന് ഇഷ്ടാനുസരണം നിയമനം നടത്താനാകില്ലെന്ന് മാനേജർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിയമനങ്ങൾക്കായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് പട്ടിക നൽകും. ഇതിൽ നിന്നുമാത്രമേ സ്ഥിരനിയമനം നടത്താവൂ എന്നും നിർദ്ദേശമുണ്ട്.


തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളുടെ ലിസ്റ്റ് മാനേജർ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നൽകണം. പട്ടികയ്ക്ക് സ്ഥിരീകരണം ലഭിച്ചശേഷം മാത്രമേ നിയമന ഉത്തരവ് നൽകാവൂ എന്നും നിർദ്ദേശിച്ചു. എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ നടപടി.