27 April 2024 Saturday

ഭക്ഷ്യദിനത്തിൽ 75 രൂപയുടെ നാണയവും 17 വിളകളും രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ckmnews


മുൻവർഷങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷ്യദിനമാണ് ഇക്കുറി ലോകമെമ്പാടും ആചരിക്കുന്നത്.കൊറോണ എന്ന മഹാമാരിയെ പ്രതിരോധിക്കുന്ന കാലത്തെ ഭക്ഷ്യദിനം എന്നതിനൊപ്പം മറ്റൊരു പ്രത്യേകത കൂടിയുണ്ട്.യു.എന്നിന്റെ ഭക്ഷ്യ-കാർഷിക സംഘടനയുടെ (എഫ്എഒ) എഴുപത്തിയഞ്ചാം വാർഷികം കൂടിയാണിന്ന്.ഇന്ത്യയിലെ ഭക്ഷ്യ-കാർഷിക മേഖലയുടെ പ്രാധാന്യം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി 75 രൂപയുടെ സ്മാരക നാണയം പുറത്തിറക്കുകയും പുതിയ 17 വിളകൾ രാജ്യത്തിനായി സമർപ്പിക്കുകയും ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ-കാർഷിക സംഘടനയുമായുള്ള ഇന്ത്യയുടെ ദീർഘകാല ബന്ധത്തെക്കുറിച്ചും നാണയം പുറത്തിറക്കുന്നതിനിടെ മോദി സംസാരിച്ചു. സാമ്പത്തികമായും പോഷകപരമായും ദുർബലമായ വിഭാ​ഗങ്ങളെ ശക്തരാക്കുന്നതിൽ എഫ്എഒയുടെ പങ്ക് സമാനതകളില്ലാത്തതാണ്. സംഘടനയുമായി ഇന്ത്യക്ക് ചരിത്രപരമായ ബന്ധമുണ്ട്. 1956 മുതൽ 1967 വരെ ഇന്ത്യൻ സിവിൽ സർവീസ് ഓഫീസർ ബിനായ് രഞ്ജൻ സെൻ ആയിരുന്നു എഫ്എഒയുടെ ഡയറക്ടർ ജനറൽ. 2020ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ലോക ഭക്ഷ്യ പദ്ധതി ഈ കാലത്താണ് തുടക്കം കുറിച്ചത്. ലോകഭക്ഷ്യപദ്ധതിക്ക് നൊബേൽപുരസ്കാരം ലഭിച്ചത് വളരെ വലിയ നേട്ടമാണ്. - പ്രധാനമന്ത്രി പറഞ്ഞു.എഴുപത്തിയഞ്ചു രൂപയുടെ നാണയം

കോവിഡ് കാലത്തെ ആരോ​ഗ്യ ഭക്ഷ്യ പ്രതിസന്ധിക്കിടയിലും ഭക്ഷ്യസുരക്ഷ കൈവരിച്ചതിനെക്കുറിച്ചും മോദി പറഞ്ഞു. ജനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ പല രാജ്യങ്ങളും ബു​ദ്ധിമുട്ടുകയാണ്, കഴിഞ്ഞ വർഷത്തെ ഭക്ഷ്യോത്പാദനത്തിന്റെ റെക്കോർഡ് ഇന്ത്യൻ കർഷകർ തിരുത്തിക്കുറിച്ചു. അവശ്യ കാർഷിക വസ്തുക്കളുടെ കയറ്റുമതിയിൽ നാൽപതുശതമാനത്തോളം വർധനവും ഉണ്ടായിട്ടുണ്ട്. ഭക്ഷ്യ-കാർഷിക സംഘടന കൂടുതൽ വളർന്ന് ലോകത്തെ ഭക്ഷ്യക്ഷാമത്തെ മറികടക്കാൻ സഹായിക്കട്ടെ എന്നും മോദി പറഞ്ഞു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ വലിയ പങ്കു വഹിച്ച ഭക്ഷ്യ കാർഷിക മേഖലയിലെ ഹീറോകൾക്ക് ആദരമർപ്പിച്ചുകൊണ്ടാണ് ലോകം ഇത്തവണത്തെ ഭക്ഷ്യദിനം ആചരിക്കുന്നത്.വളർത്തൂ, പരിപോഷിപ്പിക്കൂ, സുസ്ഥിരമാക്കൂ.ഒറ്റക്കെട്ടായി. നമ്മുടെ പ്രവർത്തികളാണ് നമ്മുടെ ഭാവി- എന്നതാണ് ഇത്തവണത്തെ ആപ്തവാക്യം.പ്രതികൂല സാഹചര്യങ്ങൾ സംഭവിച്ചപ്പോഴും ഭക്ഷണത്തിന് അറുതി വരാതിരിക്കാൻ കാർഷിക-ഭക്ഷ്യ മേഖലയിലുള്ളവർ അഹോരാത്രം പ്രയത്നിച്ച ഈ സാഹചര്യത്തിൽ പ്രസക്തമാവുകയാണ് ഇത്തവണത്തെ ആശയം.ഭക്ഷണവിളകൾ നട്ട് പരിപാലിച്ച്, വിളവെടുത്ത് ഉത്പന്നമാക്കി മാറ്റി, അവ ഏതു വിധേനയും നമ്മളിലേക്ക് എത്തിക്കുന്ന ഈ ഫുഡ് ഹീറോസിനെ നന്ദി അർപ്പിക്കാൻ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്നുമുണ്ട് എഫ്.എ.ഒ.