08 May 2024 Wednesday

കരുവന്നൂർ സഹകരണ തട്ടിപ്പിനെതിരെ പദയാത്ര; സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

ckmnews


തൃശൂര്‍: കരുവന്നൂർ സഹകരണ തട്ടിപ്പിനെതിരെ കരുവന്നൂരിൽ നിന്ന് തൃശൂരിലേക്ക് പദയാത്ര നടത്തിയതിന് നടൻ സുരേഷ് ​ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പെടെ 500 പേർക്കെതിരെയാണ് കേസ്. തൃശൂർ ടൗൺ ഈസ്റ്റ് പോലീസാണ് കേസെടുത്തത്. ഗതാഗത തടസ്സം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് നടപടി. അതേസമയം കേസെടുത്തത് രാഷ്ട്രീയ പകപോക്കൽ ആണെന്ന് ബിജെപി ആരോപിച്ചു.

ഈ മാസം 2നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്ത പദയാത്രയുടെ സമാപനം സമ്മേളനം എം ടി രമേശാണ് ഉദ്ഘാടനം ചെയ്തത്. കരുവന്നൂരിലെ ആദ്യ പരാതിക്കാരൻ സുരേഷിനെയും തട്ടിപ്പിന് ഇരകളായി മരിച്ചവരുടെ ബന്ധുക്കളെയും പദയാത്രയിൽ ആദരിച്ചിരുന്നു. കരുവന്നൂർ മുതൽ തൃശൂർ വരെയുള്ള 18 കിലോമീറ്റർ ദൂരത്തിലും പാതയോരങ്ങളിൽ നൂറുകണക്കിനാളുകളാണ് പദയാത്രയില്‍ അഭിവാദ്യമർപ്പിക്കാനെത്തിയത്.