09 May 2024 Thursday

സ്വർണ്ണക്കടത്തിന് ഒത്താശ, പിടിയിലായതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

ckmnews


മലപ്പുറം : കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തിന് ഉദ്യോഗസ്ഥർ ഒത്താശ ചെയ്ത സംഭവത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റ്ന്റ് നവീൻ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിംഗിന്റെതാണ് ഉത്തരവ്.


കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്ന സംഘത്തിന് ഒത്താശ ചെയ്തെന്ന കണ്ടെത്തലിനെ തുടർന്ന് സിഐഎസ്എഫ് അസിസ്റ്റന്റ് കമന്റന്റ് നവീനെതിരെ പൊലീസ് അഴിമതി നിരോധന നിയമ പ്രകാരം കേസെടുത്ത് കസ്റ്റഡിയിലെടുത്തിരുന്നു. നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്‍റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച സമഗ്ര വിവരം പൊലീസ് കൈമാറിയതിന് പിന്നാലെയാണ് പ്രിവന്റീവ് കസ്റ്റംസ് വിഭാഗം അന്വേഷണം തുടങ്ങിയത്. കൂടുതൽ ഇദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരിൽ നിന്നും സ്വർണ്ണം പിടികൂടിയ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെട്ടത്. ഈ കേസിൽ അറസ്റ്റിലായ വിമാനത്താവളത്തിലെ ലഗേജ് കൈകാര്യം ചെയുന്ന ജീവനക്കാരൻ ഷറഫലിയുടെ ഫോണിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ലിസ്റ്റ് കണ്ടെത്തിയിരുന്നു. ഇത് അയച്ചു കൊടുത്തത് സിഐഎസ്എഫ് ഉദ്യോഗസ്ഥനായ നവീനാണെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ഇയാളിലേക്ക് നീങ്ങിയത്.

ഓരോ തവണ സ്വർണ്ണം കടത്തുന്നതിനും ഇയാൾ പണം കൈപ്പറ്റിയെന്നാണ് പൊലീസ് പറയുന്നത്. ഉദ്യോഗസ്ഥന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് സംഘത്തിന് വിവരം കൈമാറാനായി രഹസ്യ ഫോൺ നമ്പറുകളും ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. കൊടുവള്ളി സ്വദേശിയായ റഫീഖിന് വേണ്ടി സ്വർണ്ണം കടത്താനാണ് ഇവർ ഒത്താശ ചെയ്തിരുന്നത്.