08 May 2024 Wednesday

കരിപ്പൂരിൽ കള്ളൻ കപ്പലിൽ തന്നെ; സ്വർണക്കടത്തിന് ഉദ്യോഗസ്ഥ റാക്കറ്റിൽ കസ്റ്റംസ്-സിഐഎസ്എഫ് ഉദ്യോഗസ്ഥരും

ckmnews


ഉന്നത ഉദ്യോഗസ്ഥ റാക്കറ്റ്. സിഐഎസ്എഫ് അസി. കമൻഡന്‍റും കസ്റ്റംസ് ഓഫീസറും ചേർന്ന് മാഫിയയാണ് സ്വർണക്കടത്ത് നടത്തിയത്. ഈ സംഘം കരിപ്പൂർ വഴി 60 പ്രാവശ്യം സ്വർണം കടത്തിയതിന് പൊലീസിന് തെളിവ് ലഭിച്ചു.

സിഐഎസ്എഫ് അസി. കമൻഡാന്‍റ് നവീനാണ് സ്വർണ്ണക്കടത്ത് ഏകോപിപ്പിച്ചത്. ഒപ്പം പ്രവർത്തിച്ച കസ്റ്റംസ് ഓഫീസറെക്കുറിച്ചുള്ള വിവരവും പൊലീസിന് ലഭിച്ചു. മലപ്പുറം എസ്.പി എസ്. സുജിത് ദാസിന്‍റെ നേതൃത്വത്തിലാണ് സംഘത്തെ വലയിലാക്കിയത്.


കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷെഡ്യൂൾ കടത്തുസംഘത്തിന്‍റെ കൈവശമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ ലഗേജ് ജീവനക്കാരൻ ഷറഫലി, സ്വർണം ഏറ്റുവാങ്ങാനെത്തിയ കൊണ്ടോട്ടി സ്വദേശി ഫൈസൽ എന്നിവരിൽ നിന്നാണ് നിർണായക വിവരം കരിപ്പൂർ പൊലീസിന് ലഭിച്ചത്.

ഉദ്യാഗസ്ഥർക്കും കടത്തുകാർക്കുമായി സിയുജി മൊബൈൽ സിമ്മുകളുമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് കൊടുവള്ളി സ്വദേശി റഫീഖിന് വേണ്ടിയാണ് സംഘം സ്വർണം കടത്തിയതെന്നും വ്യക്തമായിട്ടുണ്ട്. റഫീഖുമായി ഉദ്യോഗസ്ഥർ നടത്തിയ ഒട്ടേറെ ഇടപാടുകളുടെ തെളിവ് ലഭിച്ചു


നേരത്തെ കരിപ്പുർ വിമാനത്താവളത്തിന് പുറത്ത് നിരവധി തവണ സ്വർണം പിടികൂടിയിട്ടുണ്ട്. കസ്റ്റംസ് പരിശോധന ഉൾപ്പടെ അതിജീവിച്ച് പുറത്തുകൊണ്ടുവരുന്ന സ്വർണമാണ് പലപ്പോഴും പൊലീസ് സാഹസികമായി പിടികൂടിയിട്ടുള്ളത്.