09 May 2024 Thursday

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്; പുരസ്കാരം ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്‌ക്ക്

ckmnews

വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്; പുരസ്കാരം ‘ജീവിതം ഒരു പെൻഡുലം’ എന്ന ആത്മകഥയ്‌ക്ക്


തിരുവനന്തപുരം:ഇത്തവണത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ജീവിതം ഒരു പെന്‍ഡുല’മാണ് പുരസ്‌കാരത്തിനര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവുമടങ്ങുന്ന പുരസ്‌കാരം ഈ മാസം 27ന് സമ്മാനിക്കും.


വയലാര്‍ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാര വിവരം പ്രഖ്യാപിച്ചത്. കഴിഞ്ഞ അരനൂറ്റാണ്ടായി മലയാള സിനിമയിലെ നിറസാന്നിധ്യമാണ് ശ്രീകുമാരന്‍ തമ്പി. ഗാനരചയിതാവ്, സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ്, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 30 സിനിമകള്‍ സംവിധാനം ചെയ്യുകയും 22 സിനിമകള്‍ നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്.

1971 ലും 2011 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ‘സിനിമ: കണക്കും കവിതയും’ എന്ന പുസ്തകം മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ‘ഗാനം’ 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. നാടകഗാന രചന, ലളിത സംഗീതം എന്നീ മേഖലകളിലെ സമഗ്രസംഭാവനക്കുള്ള കേരളസംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം 2015 ല്‍ ലഭിച്ചു. 2018 ല്‍മലയാള ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി ഡാനിയേല്‍ പുരസ്‌കാരവും ലഭിച്ചു.


മധു, ശാരദ എന്നിവർ പ്രധാന കഥാപാത്രങ്ങളായി 2015ൽ പുറത്തിറങ്ങിയ ‘അമ്മയ്‌ക്കൊരു താരാട്ട്’ ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത അവസാന സിനിമ.