09 May 2024 Thursday

കറണ്ട് പോയപ്പോള്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് ലൈനില്‍ തട്ടി: അമ്മയും മക്കളും ഷോക്കേറ്റ് മരിച്ചു

ckmnews


മ‍ഴയത്ത് കറണ്ട് പോയപ്പോള്‍ സര്‍വീസ് ലൈനില്‍ ഇരുമ്പ് തോട്ടി ഉപയോഗിച്ച് തട്ടിയ മകനും രക്ഷിക്കാന്‍ ചെന്ന സഹോദരിക്കും അമ്മയ്ക്കും ദാരുണാന്ത്യം. കന്യാകുമാരിയിലാണ് സംഭവം. ആറ്റൂർ സ്വദേശി ചിത്ര(48) മക്കളായ ആതിര(24), അശ്വിൻ(21) എന്നിവരാണ് മരിച്ചത്. വീട്ടിൽ വൈദ്യുതി നഷ്ടമായതിനെ തുടർന്ന് അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയപ്പോഴായാണ് ഷോക്കേറ്റത്.


മഴയത്ത് കറണ്ട് കട്ടായതോടെ അശ്വിനാണ് ഇരുമ്പ് തോട്ടിയുമെടുത്ത് ലൈനിൽ തട്ടി ശരിയാക്കാൻ ശ്രമിച്ചത്. സഹോദരി ആതിരയും കൂടെയുണ്ടായിരുന്നു. അശ്വിൻ ഇരുമ്പ് തോട്ടി ഉപയോഗിച്ച് സർവീസ് വയറിൽ തട്ടിയതോടെ ഷോക്കേൽക്കുകയായിരുന്നു.

കണ്ടു നിന്ന സഹോദരി, അശ്വിനെ രക്ഷിക്കാനായി ഇരുമ്പ് തോട്ടി തട്ടി മാറ്റാൻ ശ്രമിച്ചു. ഇതോടെ ആതിരയും ഷോക്കേറ്റ് തറയിൽ വീണു. ഓടിവന്ന അമ്മ ചിത്രയ്ക്കും മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു വീ‍ഴുകയായിരുന്നു. മൃതദേഹങ്ങൾ കുഴിത്തുറ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.