09 May 2024 Thursday

പത്തനംതിട്ടയില്‍ അടിപ്പാതയില്‍ അഞ്ചടി ഉയരത്തില്‍ വെള്ളം പൊങ്ങി, യാത്രികരുള്‍പ്പെടെ കാര്‍ മുങ്ങി

ckmnews


പത്തനംതിട്ട തിരുവല്ലയില്‍ എം സി റോഡിനെയും ടി കെ റോഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന തിരുമൂലപുരം – കറ്റോട് റോഡിലെ ഇരുവള്ളിപ്പറ റെയിൽവേ അടിപ്പാതയിലെ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ നിന്നും വയോധികൻ അടക്കം മൂന്ന് യാത്രക്കാരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. തിങ്കൾ വൈകിട്ട് 7 മണിയോടെയായിരുന്നു സംഭവം. ചെങ്ങന്നൂർ ഭാഗത്തുനിന്നും കവിയൂരിലേക്ക് പോവുകയായിരുന്ന തിരുവൻവണ്ടൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.

തിരുവനന്തപുരം സ്വദേശി കൃഷ്ണൻ നമ്പൂതിരിയും മകളും ഭർത്താവും സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. അടിപ്പാതയിലെ വെള്ളക്കെട്ടിന്‍റെ ആഴം അറിയാതെ എത്തിയ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. മണിമലയാറിൽ നിന്നും നേരിട്ട് വെള്ളം കയറുന്ന അടിപ്പാതയിൽ നിലവിൽ അഞ്ചടിയോളം ഉയരത്തിൽ വെള്ളം ഉണ്ട് . വെള്ളക്കെട്ട് മൂലം ഗതാഗതം പൂർണമായും തടസ്സപ്പെട്ട നിലയിലാണ്. അടിപ്പാതയിലെ വെള്ളക്കെട്ട് നീക്കുവാൻ റെയിൽവേ എൻജിനീയറിങ് വിഭാഗം പലതരത്തിലുള്ള മാർഗ്ഗങ്ങളും നോക്കിയിരുന്നുവെങ്കിലും ഇവയെല്ലാം പരാജയപ്പെടുകയായിരുന്നു.