09 May 2024 Thursday

വളര്‍ത്തുനായ്ക്കള്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവം; നായ്ക്കളുടെ ഉടമ അറസ്റ്റില്‍

ckmnews


പാലക്കാട് ഷൊര്‍ണ്ണൂര്‍ പരുത്തിപ്രയില്‍ വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കള്‍ യുവാവിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ച സംഭവത്തില്‍ നായ്ക്കളുടെ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗണേശ്ഗിരി പുല്ലാട്ടുപറമ്പില്‍ സ്റ്റീഫനെയാണ് അറസ്റ്റുചെയ്തത്. അക്രമസ്വഭാവമുള്ള നായ്ക്കളെ അശ്രദ്ധയോടെ കൈകാര്യം ചെയ്തെന്ന കുറ്റംചുമത്തിയാണ് അറസ്റ്റ്.


ചൊവ്വാഴ്ച രാവിലെയാണ് പരുത്തിപ്ര പുത്തന്‍പുരയ്ക്കല്‍ മഹേഷിനെ സ്റ്റീഫന്‍ വളര്‍ത്തുന്ന ‘പിറ്റ്ബുള്‍’ ഇനം നായ്ക്കള്‍ ആക്രമിച്ചത്. ശരീരത്തിലാകമാനം നായ്ക്കള്‍ കടിച്ച് പരുക്കേറ്റിരുന്നു. ചെവി അറ്റ്, ചുണ്ടും മൂക്കും രണ്ടായി മുറിഞ്ഞ നിലയിലാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്.


പരുത്തിപ്ര എസ്.എന്‍. ട്രസ്റ്റ് ഹൈസ്‌കൂളിലേക്ക് പോകുന്ന പാതയോരത്ത് വാടകവീട്ടിലാണ് സ്റ്റീഫന്‍ താമസിക്കുന്നത്. ഈ വീട്ടില്‍നിന്നാണ് നായ്ക്കള്‍ മഹേഷിനെ ആക്രമിക്കാനോടിയെത്തിയത്. സമീപത്തെ പശുഫാമില്‍നിന്ന് പാലെടുത്ത് വില്‍ക്കുന്നയാളാണ് മഹേഷ്. ഇവിടേക്ക് പാലെടുക്കാനായി ഓട്ടോറിക്ഷയില്‍ എത്തിയപ്പോഴായിരുന്നു നായ്ക്കളുടെ ആക്രമണം. പത്ത് മിനിറ്റോളം നായ്ക്കളുടെ അക്രമണത്തിനിരയായി ബോധരഹിതനായ മഹേഷിനെ നായ്ക്കളുടെ ഉടമ സ്റ്റീഫന്‍ എത്തിയാണ് രക്ഷിച്ചത്.

സംഭവത്തെ തുടര്‍ന്ന് വാടകവീടൊഴിയാന്‍ സ്റ്റീഫനോട് ഉടമ ആവശ്യപ്പെട്ടിട്ടുണ്ട്. അനുമതിയില്ലാതെ അക്രമകാരികളായ നായ്ക്കളെ വളര്‍ത്തിയതിന് നഗരസഭയും സ്റ്റീഫനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. നായ്ക്കളുടെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഗരഭാ സെക്രട്ടറിയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.