09 May 2024 Thursday

പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ പന്നിക്ക് വെച്ച കെണിയിൽ പെട്ട് മരിച്ചു,പേടിച്ചു കുഴിച്ചിട്ടു:സംഭവത്തില്‍ കുറ്റം സമ്മതിച്ച് സ്ഥലമുടമ

ckmnews

പാലക്കാട് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെ


പന്നിക്ക് വെച്ച കെണിയിൽ പെട്ട് മരിച്ചു,പേടിച്ചു കുഴിച്ചിട്ടു:സംഭവത്തില്‍ കുറ്റം സമ്മതിച്ച് സ്ഥലമുടമ


പാലക്കാട്: കൊടുമ്പ് കരിങ്കരപ്പുള്ളി അമ്പലപ്പറമ്പ് പാല്‍നീരി കോളനിക്കു സമീപം യുവാക്കളുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്.പന്നിക്ക് വെച്ച വൈദ്യുതി കെണിയില്‍പ്പെട്ട് യുവാക്കൾ മരിക്കുകയായിരുന്നു എന്നും മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും സ്ഥലമുടമ പറഞ്ഞു.മൃതദേഹങ്ങള്‍ കണ്ടപ്പോഴുണ്ടായ പരിഭ്രാന്തിയില്‍ കുഴിച്ചിടുകയായിരുന്നു എന്നാണ് സ്ഥലം ഉടമയായ അമ്പലപ്പറമ്പ് വീട്ടില്‍ അനന്തന്‍ പൊലീസിനോട് പറഞ്ഞത്


സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് അയക്കും. യുവാക്കളുടെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കും.ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. പുതുശ്ശേരി കാളാണ്ടിത്തറയില്‍ സതീഷ് (22), കൊട്ടേക്കാട് കാരക്കോട്ടുപുര തെക്കേംകുന്നം ഷിജിത്ത് (22) എന്നിവരാണ് മരിച്ചത്


ഞായറാഴ്ച രാത്രി വേനോലിയില്‍ ഒരു സംഘവുമായുണ്ടായ സംഘട്ടനത്തെ തുടര്‍ന്ന് സതീഷ്, ഷിജിത്ത്, സുഹൃത്തുക്കളായ അഭിന്‍, അജിത്ത് എന്നിവര്‍ക്കെതിരെ കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതോടെ ഇവര്‍ നാല് പേരും അമ്പലപ്പറമ്പില്‍ സതീഷിന്റെ ബന്ധുവീട്ടിലേക്ക് മാറി.മൊബൈല്‍ ലൊക്കേഷന്‍ അനുസരിച്ച് പൊലീസ് ഇവിടേക്ക് എത്തിയിരുന്നു.പൊലീസ് എത്തിയതറിഞ്ഞ് നാല് പേരും വീട്ടില്‍ പാടത്തേക്കിറങ്ങി ഓടി.അഭിനും അജിത്തും ഒരു വശത്തേക്കും സതീഷും ഷിജിത്തും മറ്റൊരു വശത്തേക്കുമാണ് ഓടിയത്. പിന്നീട് അഭിനും അജിത്തും വേനോലിയില്‍ എത്തി. എന്നാല്‍ സതീഷിനെയും ഷിജിത്തിനെയും കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.ഇതോടെ അഭിനും അജിത്തും കസബ പൊലീസ് സ്റ്റേഷനിലെത്തി ഇരുവരേയും കാണാനില്ലെന്ന് പരാതി നല്‍കി.ഇത് സംബന്ധിച്ച് അന്വേഷിക്കുന്നതിനിടെ പാടത്ത് മണ്ണ് ഇളകി കിടക്കുന്നത് കണ്ടു.നാട്ടുകാര്‍ ഇത് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ പൊലീസ് ഇവിടെയെത്തി സീല്‍ ചെയ്യുകയും ചെയ്തു.നേരത്തെ നാല് യുവാക്കള്‍ പാടത്ത് കൂടി ഓടിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.യുവാക്കളുടെ മൃതദേഹങ്ങള്‍ കൊടുമ്പ് സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂളിന് സമീപത്തെ പാടത്തായിരുന്നു കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് തന്നെ ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.