08 May 2024 Wednesday

കുതിരപ്പന്തയ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച നിദ അൻജുമിനെ ജില്ലാ പഞ്ചായത്ത് ആദരിച്ചു

ckmnews


ഫ്രാൻസിൽ നടന്ന ദീർഘദൂര കുതിരപ്പന്തയ മത്സരത്തിൽ (ഇക്വസ്ടിയൻ വേൾഡ് എൻഡ്വറൻസ് ചാമ്പ്യൻഷിപ്പ് ) ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മലപ്പുറം കല്പകഞ്ചേരിയിലെ നിദ അഞ്ജുമിനെ മലപ്പുറം ജില്ലാ പഞ്ചായത്ത് ആദരിച്ചു.പ്രസിഡണ്ട് എം.കെ. റഫീഖയുടെ  അധ്യക്ഷതയിൽ ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് അഡ്വ:യു.എ.ലത്തീഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമർപ്പണം നടത്തുകയും ചെയ്തു.  ലണ്ടനിൽ ബർമിംഗ്ഹാം യൂണിവേഴ്സിറ്റിയിൽ ബിസിനസ് മാനേജ്മെന്റിന്  പഠിക്കുന്ന ഈ മിടുക്കിയുടെ സ്കൂൾ പഠനം യു.എ.ഇ യിലായിരുന്നു. പ്രശസ്തമായ റീജൻസി ബിസിനസ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി പ്രവൃത്തിക്കുന്ന ഡോ: അൻവർ അമീന്റെയും മിന്നത്തിന്റെയും രണ്ടാമത്തെ പുത്രിയാണ്. അഖിലേന്ത്യാ അത് ലറ്റിക് അസോസിയേഷന്റെ വൈസ് പ്രസിഡണ്ട് കൂടിയായ പിതാവും മറ്റു കുടുംബാംഗങ്ങളുമാണ് ഇവർക്ക് ഹോർസ് റൈഡിന് പിന്തുണയും പരിശീലനവും നല്കിയത്. പന്ത്രണ്ടാം വയസ്സിൽ തുടങ്ങിയ പരിശീലനം ഇരുപതാം വയസ്സിൽ ലോകശ്രദ്ധ പിടിക്കുന്ന വിധത്തിൽ ഇന്ത്യയുടെ പ്രതിനിധിയായി ഫ്രാൻസിൽ മാരത്തോൺ കുതിര പ്പന്തയത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ആനപ്പടിക്കൽ കുടുംബവും കല്പകഞ്ചേരി പ്രദേശവും മലപ്പുറം ജില്ലയുമെല്ലാം അതിരറ്റ സന്തോഷത്തിലാണ്.  ആദരം ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സറീന ഹസീബ്, നസീബ അസീസ്, എൻ.എ.കരീം, ജമീല  ആലിപ്പറ്റ , മുൻ പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണൻ , അംഗങ്ങളായ പി.കെ.സി.അബ്ദുറഹിമാൻ, അഡ്വ: പി.പി. മോഹൻദാസ്, കെ.ടി. അജ്മൽ , എ.കെ. സുബൈർ , എ.പി. സബാഹ് ജില്ലാ പഞ്ചായത്ത് സിക്രട്ടറി എസ്.ബിജു പ്രസംഗിച്ചു. നിദ അഞ്ജുമിന്റെ കുടുംബാങ്ങളായ പിതാവ് ഡോ അൻവർ അമീൻ, എ.പി. ശംസുദ്ദീൻ, ശറഫുദ്ദീൻ തയ്യമ്പാട്ടിൽ, മാതാവ് മിന്നത്ത് സംബന്ധിച്ചു.