09 May 2024 Thursday

ഒക്ടോബറിലും വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് തുടരും

ckmnews

ഒക്ടോബറിലും വൈദ്യുതിക്ക് യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജ് തുടരും. ഒക്ടോബറിലേക്ക് 10 പൈസ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തി വൈദ്യുതി ബോര്‍ഡ് തിങ്കാളാഴ്ച വിജ്ഞാപനമിറക്കി.റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച യൂണിറ്റിന് ഒമ്ബത് പൈസ ഒക്ടോബറിലും തുടരും. ഇതുരണ്ടും ചേര്‍ത്താണ് 19 പൈസ നല്‍കേണ്ടിവരുന്നത്.

ഓഗസ്റ്റില്‍ വൈദ്യുതിവാങ്ങാൻ വേണ്ടിവന്ന അധികച്ചെലവാണ് ഒക്ടോബറില്‍ ബോര്‍ഡ് ഈടാക്കുന്നത്. 69.82 കോടിയാണ് ഓഗസ്റ്റിലെ അധികച്ചെലവ്. ഇതനുസരിച്ച്‌ യൂണിറ്റിന് 37 പൈസ ഈടാക്കണം.

എന്നാല്‍ മാസം പരമാവധി 10 പൈസയേ പാടുള്ളൂവെന്ന് റെഗുലേറ്ററി കമ്മിഷന്റെ നിയന്ത്രണമുണ്ട്. അതിനാലാണ് സര്‍ചാര്‍ജ് 10 പൈസയില്‍ നിര്‍ത്തിയത്. ശേഷിക്കുന്ന 27 പൈസ ഓഗസ്റ്റിലെ കുടിശ്ശികയായി കിടക്കും. ഇങ്ങനെ പല മാസങ്ങളിലെ കുടിശ്ശിക ഈടാക്കാൻപിന്നീട് ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനെ സമീപിക്കും.

മഴകുറഞ്ഞതും വിലകുറഞ്ഞ ദീര്‍ഘകാല കരാറുകള്‍ റദ്ദാക്കിയതും കാരണം സെപ്റ്റംബറിലും ബോര്‍ഡിന് വൻതോതില്‍ അധികച്ചെലവ് ഉണ്ടായിട്ടുണ്ട്. അതിനാല്‍ നവംബറിലും 10 പൈസ ചുമത്താനാണ് സാധ്യത.

കമ്മ‌ിഷൻ നേരത്തേ അനുവദിച്ച ഒമ്ബത് പൈസ സര്‍ചാര്‍ജ് ഒക്ടോബറിനുശേഷം പുനഃപരിശോധിക്കും. എന്നാല്‍, വൈദ്യുതി വാങ്ങാനുള്ള ചെലവ് കൂടിക്കൂടി വരുന്നതിനാല്‍ കമ്മിഷൻ ഇത് ഒഴിവാക്കാൻ ഇടയില്ല.