09 May 2024 Thursday

ആലപ്പുഴയില്‍ കോടതി വളപ്പില്‍ നാത്തൂന്മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്

ckmnews


ആലപ്പുഴ ചേര്‍ത്തല കോടതിയില്‍ നാത്തൂന്‍മാര്‍ തമ്മില്‍ പൊരിഞ്ഞ തല്ല്. വിവാഹമോചനവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കോടതി വളപ്പിലാണ് ഭാര്യയും, ഭര്‍ത്താവിന്‍റെ സഹോദരിയും പരസ്യമായി തമ്മിലടിച്ചത്.

വിവാഹമോചനത്തിനൊടുവിൽ കുഞ്ഞിനെ ഭർത്താവിന് കൈമാറാൻ കോടതി ഉത്തരവിട്ടിരുന്നു. ഭർത്താവിന്റെ സഹോദരി കുട്ടിയെ വാങ്ങുന്നതിനിടയാണ് നാത്തൂനുമായി സംഘര്‍ഷമുണ്ടായത്. സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസും ബന്ധുക്കളും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരെയും ശാന്തരാക്കിയത്. സംഘര്‍ഷത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഏറെ നാളത്തെ പ്രണയത്തിന് ശേഷം വിവാഹം കഴിച്ച ദമ്പതികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും കുടുംബവഴക്കുമാണ് കോടതിവളപ്പില്‍ അടിപിടിയില്‍ കലാശിച്ചത്. ഇവര്‍ക്ക് ഏഴും നാലും വയസുള്ള രണ്ടുമക്കളുണ്ട്. ഭര്‍ത്താവും ഭാര്യയുടെ അച്ഛനും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവരുടെ വിവാഹമോചനം വരെ എത്തിയതെന്നാണ് അഭിഭാഷകര്‍ പറയുന്നത്.