09 May 2024 Thursday

നിപ വ്യാപനം ഫലപ്രദമായി തടഞ്ഞു; ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരണം; മുഖ്യമന്ത്രി

ckmnews



സംസ്ഥാനത്ത് നിപ വ്യാപനം തടയാന്‍ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് നിപ വ്യാപനം തടയാന്‍ ശാസ്ത്രീയമായ മുന്‍കരുതലുകള്‍നടത്തിയത്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തിയതിനാല്‍ അപകടകരമായ സാഹചര്യം ഒഴിവായതായും പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

നിപ ആക്ഷന്‍ പ്ലാന്‍ ഉണ്ടാക്കി, 19 ടീമുകളുടെ നിപ കോര്‍ കമ്മിറ്റിയുണ്ടാക്കി. കോള്‍ സെന്റര്‍ തുറന്ന് ആരോഗ്യവകുപ്പിന്റെ ദിശ സേവനവുമായി ബന്ധിപ്പിച്ചു. ആരോഗ്യമന്ത്രി നേരിട്ടാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. 1286 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 276 പേര്‍ ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവരാണ്. 122 പേര്‍ രോഗികളുടെ കുടുംബാംഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോഗ്യപ്രവര്‍ത്തകര്‍ സമ്പര്‍ക്കപ്പട്ടികയിലും 994പേര്‍ നിരീക്ഷണത്തിലുമാണ്.


ആരോഗ്യവകുപ്പിനൊപ്പം പൊലീസിന്റെ പ്രത്യേക ശ്രദ്ധയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വീകരിക്കുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്. പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീം രൂപീകരിച്ചിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ആശങ്ക കണക്കിലെടുത്താണ് ഈ ടീം മാനസികാരോഗ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 1099 പേര്‍ക്ക് കൗണ്‍സിലിങ് നല്‍കി.


2018ല്‍ കോഴിക്കോടും 19ല്‍ എറണാകുളത്തും 21 ല്‍ വീണ്ടും കോഴിക്കോടുമാണ് നിപ ഉണ്ടായത്. നിലവില്‍ സംസ്ഥാനത്ത് നിപ രോഗനിര്‍ണയത്തിനുള്ള സജ്ജീകരണങ്ങള്‍ ഉണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും ഈ ക്രമീകരണമുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളജിലും ഈ സംവിധാനം ഉണ്ട്.

നിപ അതീവ ഗുരുതര പ്രഹര ശേഷിയുള്ള വൈറസാണ്. പക്ഷേ നിലവില്‍ രണ്ടാം തരംഗത്തിനുള്ള സാധ്യത കുറവാണ്. എങ്കിലും പൂര്‍ണമായും തള്ളിക്കളയാന്‍ ആവില്ല. നിപ പശ്ചാത്തലത്തില്‍ സംസ്ഥാനം സിറോ സര്‍വൈലന്‍സ് പഠനം നടത്തും. ഇതില്‍ ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് തയ്യാറാക്കും. പരിശോധിച്ച വവ്വാലുകളില്‍ നിപ സാന്നിധ്യം കണ്ടെത്താനായില്ല. എന്തുകൊണ്ട് നിപ ആവര്‍ത്തിക്കുന്നു എന്നതില്‍ അവ്യക്തതയാണ്. ഇക്കാര്യം ഐസിഎംആറിനും വിശദീകരിക്കാന്‍ കഴിയുന്നില്ല. നിപ പ്രതിരോധത്തില്‍ മാധ്യമ ജാഗ്രതയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.