09 May 2024 Thursday

നിലമ്പൂരിൽ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയയാൾ അറസ്റ്റിൽ

ckmnews

നിലമ്പൂരിൽ വാഹനാപകടത്തിൽ വിദ്യാർഥികൾ മരിച്ച സംഭവം; ബൈക്ക് വാടകയ്ക്ക് നൽകിയയാൾ അറസ്റ്റിൽ


ചുങ്കത്തറ (മലപ്പുറം) ∙ ബൈക്കും ഗുഡ്സ് ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരായ വിദ്യാർഥികൾ മരിച്ച സംഭവത്തിൽ, ഇവർക്ക് ബൈക്ക് വാടകയ്ക്ക് നൽകിയ യുവാവ് അറസ്റ്റിൽ. പോത്തുകല്ല് കോടാലിപ്പൊയിൽ പഞ്ചിലി മുഹമ്മദ് അജ്നാസ് (25) ആണ് പിടിയിലായത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. ബൈക്കിന്റെ ആർസി ഓണർ കൂടിയായ മുഹമ്മദ് അജ്നാസിനെതിരെ പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. ഗുഡ്സ് ജീപ്പ് ഡ്രൈവർ കർണാടക ഗുണ്ടൽപേട്ട് സ്വദേശി ശേഷരാജി(34)നെതിരെയും കേസെടുത്തിട്ടുണ്ട്.


ശനിയാഴ്ച രാവിലെ നടന്ന അപകടത്തിൽ ഉപ്പട ആനക്കല്ല് ആച്ചക്കോട്ടിൽ ഷിബുവിന്റെ മകൻ ഷിബിൻരാജ് കൃഷ്ണ(14), പാതിരിപ്പാടം അയ്യപ്പശേരിൽ സന്തോഷിന്റെ മകൻ എ.എസ്.യദു(14) എന്നിവരാണു മരിച്ചത്.ഇരുവരും ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർഥികളാണ്. 

സിഎൻജി റോഡി‍ൽ മുട്ടിക്കടവ് പെട്രോൾ പമ്പിനു സമീപം രാവിലെ എട്ടോടെയാണ് അപകടം. ചുങ്കത്തറയിലെ ട്യൂഷൻ സെന്ററിലേക്കു പുറപ്പെട്ട ഇവർ മറ്റൊരു സുഹൃത്തിനെ കൂട്ടാനാണ് മുട്ടിക്കടവിലേക്ക് പോയത്. ഗുഡ്സ് ജീപ്പ് ചുങ്കത്തറ ഭാഗത്തേക്ക് വരികയായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഇരുവരെയും നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.