09 May 2024 Thursday

കാസര്‍ഗോള്‍ഡുമായി ആസിഫ് അലിയും സണ്ണി വെയ്നും തിയേറ്ററുകളിലേക്ക്

ckmnews


ആക്ഷൻ സിനിമകളെ മലയാളി പ്രേക്ഷകർ പലപ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മുതൽ യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ തുടങ്ങിയവരുടെ വരെ ചിത്രങ്ങൾ ഈ ​ഗണത്തിൽ ഏറെ കയ്യടി നേടിയിരുന്നു. ഈ ​ശ്രേണിയിലേക്ക് ഒരു പുതിയ ചിത്രം കൂടി എത്തുകയാണ്. ആസിഫ് അലി നായകനായ ‘കാസർ​ഗോൾഡ്’. ചിത്രം നാളെയാണ്(15/09/2023) തിയേറ്ററുകളിലെത്തുന്നത്.

ചിത്രം ആസിഫ് അലിയുടെ കരിയറിലെ തന്നെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യത്യസ്തമായൊരു കഥാപാത്രത്തെയാണ് ആസിഫ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിന്റെ നാല് പ്രധാന സവിശേഷതകൾ ഏതൊക്കെയാണെന്നു നോക്കാം.

ആസിഫ് അലിക്ക് പുറമെ വിനായകൻ, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. ആസിഫ് അലിയും വിനായകനും മുമ്പ് അമൽ നീരദിന്റെ ‘ബാച്ചിലർ പാർട്ടി’യിൽ (2012) ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചിത്രത്തിൽ ഇരുവരും തമ്മിലുള്ള കോമ്പിനേഷൻ സീനുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ജയിലറിൽ വിനായകൻ അവതരിപ്പിച്ച പ്രതിനായക വേഷവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ജയിലറിന്റെ വമ്പൻ വിജയത്തിനു പിന്നാലെയാണ് ‘കാസർ​ഗോൾഡ്’ തിയേറ്ററുകളിലെത്തുന്നത്.

ആസിഫ് അലിയും സണ്ണി വെയ്‌നും ‘മോസയിലെ കുതിരമീനുകൾ’ (2014), ‘അവരുടെ രാവുകൾ’ (2016), ‘കുറ്റവും ശിക്ഷയും’ (2021 തുടങ്ങിയ സിനിമകളിലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മൂവരും ഒരു സിനിമയിൽ ഒന്നിച്ചെത്തുമ്പോൾ അത് പുതിയൊരു കാഴ്ചാനുഭവം ആകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനകം വലിയ ജനശ്രദ്ധ നേടിയിട്ടുണ്ട്.

ബി-ടെക്’ എന്ന ചിത്രത്തിലൂടെ സംവിധാന രം​ഗത്ത് അരങ്ങേറ്റം കുറിച്ച മൃദുൽ നായരാണ് കാസർ​ഗോൾഡിന്റെ സംവിധായകൻ. ‘കാസർഗോൾഡ്’ പ്രേക്ഷകർക്ക് ഒരു പവർ പാക്ക്ഡ് തിയേറ്റർ അനുഭവമായിരിക്കും നൽകുകയെന്ന് മൃദുൽ നായർ ഒരു അഭിമുഖത്തിൽ പറഞ്ഞു. ചിത്രം കാണാൻ ടിക്കറ്റ് എടുക്കുന്നവർക്ക് അതൊരു നഷ്ടമായി തോന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

പ്രാദേശിക സിനിമാ വ്യവസായത്തിൽ യൂഡ്‌ലീ ഫിലിംസ് (Yoodlee films) പോലെയൊരു വലിയ കമ്പനി എത്തുന്നതും പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നതെന്ന് സംവിധായകൻ പറഞ്ഞു. മുഖരി എന്റർടെയ്ന്‍‍മെന്‍റ്സും യൂഡ്‌ലീ ഫിലിംസുമായി സഹകരിച്ച് സരിഗമയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിംഗ്, ഛായാഗ്രഹണം, കളറിങ്ങ് തുടങ്ങിയ ഘടകങ്ങളും ഏറെ മികവോടെയാണ് ചെയ്തിരിക്കുന്നതെന്നും മൃദുൽ നായർ പറഞ്ഞു.

സംഗീതത്തിനും ആക്ഷനും ചിത്രത്തിൽ ഒരുപോലെ പ്രാധാന്യം ഉണ്ടാകുമെന്ന് ആസിഫ് അലി സൂചിപ്പിച്ചിരുന്നു. ”സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംഘട്ടനങ്ങൾ ത്രില്ലിംഗ് ആയ നിമിഷങ്ങൾ സൃഷ്ടിക്കാൻ വേണ്ടി മാത്രമല്ല, മറിച്ച് അത് സാഹചര്യത്തിനനുസരിച്ചുള്ളതാണ്, ഇതൊടൊപ്പം സിനിമയിലെ സംഗീതം കൂടി ചേരുമ്പോൾ അത് മറ്റൊരു തലത്തിലേക്ക് ഉയരുന്നു”, ആസിഫ് അലി കൂട്ടിച്ചേർത്തു.


വിഷ്ണു വിജയ് ആണ് കാസർ​ഗോൾഡിന്റെ പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ ആറ് പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർമാരാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്തത്.