08 May 2024 Wednesday

ഭിന്നശേഷി മേഖലയിൽ നിലമ്പൂർ മാതൃക അനുകരണീയം: മന്ത്രി എം.ബി രാജേഷ്

ckmnews

ഭിന്നശേഷി മേഖലയിൽ നിലമ്പൂർ മാതൃക അനുകരണീയം: മന്ത്രി എം.ബി രാജേഷ്


ഭിന്നശേഷിക്കാർ,ട്രാൻസ്‌ജെൻഡർ, വയോജനങ്ങൾ തുടങ്ങി പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിന്  നിലമ്പൂര്‍ എം.എൽ.എയും നഗരസഭയും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയവും അനുകരണീയവുമെന്ന്  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്.നിലമ്പൂർ നഗരസഭയുടെയും സമഗ്ര ശിക്ഷാ കേരളം നിലമ്പൂർ ബി.ആർ.സിയുടെയും ആഭിമുഖ്യത്തിൽ ഭിന്നശേഷി കുട്ടികളുടെ പ്രവൃത്തി പരിചയ ശിൽപ്പശാലയും പരിവാർ സംഗമവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ അനുവദിച്ച നാല് ഡിസ ബിലിറ്റി വില്ലേജുകളിൽ ഒന്ന് നിലമ്പൂരിന് അനുവദിച്ചത് ഭിന്നശേഷി മേഖലയിൽ നിലമ്പൂർ നഗരസഭയും എം.എൽ.എയും നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായിട്ടാണെന്നും മന്ത്രി അറിയിച്ചു.ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികളും നിലമ്പൂർ ഉപജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കുള്ള പ്രവൃത്തി പരിചയ ശിൽപ്പശാലയും നടന്നു.പാവനിർമാണം, ഫാബ്രിക് പെയിന്റിങ്, അഗർബത്തി നിർമാണം, ത്രഡ് പാറ്റേൺ എന്നീ മേഖലകളിൽ 42 കുട്ടികൾക്ക് പരിശീലനം നൽകി. മലപ്പുറം ജില്ലാ വനിതാ ഫുട്‌ബോൾ ടീമിൽ ഇടം നേടിയ കായികതാരങ്ങളെ ചടങ്ങിൽ ആദരിച്ചു.നിലമ്പൂർ നഗരസഭാ അങ്കണത്തിൽ നടന്ന ചടങ്ങിൽ പി.വി അൻവർ എം.എൽ.എ അധ്യക്ഷത വഹിച്ചു.നഗരസഭാ വൈസ് ചെയർപേഴ്‌സൺ അരുമ ജയകൃഷ്ണൻ,വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ സ്‌കറിയ കിനാംതോപ്പിൽ,ആരോഗ്യകാര്യ സ്ഥിര സമിതി ചെയർമാൻ കക്കാടൻ റഹീം, പൊതുമരാമത്ത് കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ സൈജിമോൾ, നിലമ്പൂർ ബി.പി.സി എം. മനോജ് കുമാർ എന്നിവർ സംസാരിച്ചു. നിലമ്പൂർ ബി.ആർ.സിയിലെ സ്‌പെഷ്യലിസ്റ്റ് അധ്യാപകരും സ്‌പെഷ്യൽ എഡ്യൂക്കേറ്റർമാരും പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകി.നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം ബഷീർ നന്ദിയും പറഞ്ഞു.