08 May 2024 Wednesday

വന്ദേഭാരതിന് കല്ലെറിഞ്ഞ താനൂരിലെ രണ്ട് സ്കൂൾ വിദ്യാർഥികൾ അറസ്റ്റിൽ

ckmnews


മലപ്പുറം: വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ രണ്ട് സ്കൂൾ വിദ്യാർഥികൾ അറസ്റ്റിലായി. മലപ്പുറം താനൂരിന് സമീപത്തെ ഹൈസ്കൂളിലെ വിദ്യാർഥികളെയാണ് റെയിൽവേ സംരക്ഷണ സേന അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 21നാണ് ട്രെയിനിനു നേരെ കല്ലേറുണ്ടായത്.


കല്ലേറിൽ ട്രെയിനിന്റെ ചില്ലുകൾ തകർന്നിരുന്നു. ഷൊർണൂരിൽ എത്തിയപ്പോൾ പൊട്ടിയ ചില്ലിൽ സ്റ്റിക്കർ പതിച്ചാണ് ട്രെയിൻ യാത്ര തുടർന്നത്. ഈ സംഭവത്തിൽ ആർ പി എഫ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു.


അതിനിടെയാണ് കഴിഞ്ഞ ദിവസം ഷൊർണൂർ റെയിൽവേ സംരക്ഷണ സേന കമാൻഡർ സി ടി ക്ലാരി വത്സലയുടെ നേതൃത്വത്തിലുള്ള സംഘം രണ്ട് വിദ്യാർഥികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വിദ്യാർത്ഥികളെ സ്കൂളിലെ അധ്യാപകരുടേയും രക്ഷിതാക്കളുടേയും സാന്നിധ്യത്തിൽ ചോദ്യം ചെയ്തിരുന്നു.

ചോദ്യംചെയ്യലിൽ ട്രെയിനിന് കല്ലെറിഞ്ഞതായി കുട്ടികൾ സമ്മതിച്ചു. എന്തിനാണ് കല്ലെറിഞ്ഞതെന്ന് വ്യക്തമല്ല. കുട്ടികളെ ഇന്ന് തവനൂരിലെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും.

വന്ദേഭാരത് എക്സ്പ്രസിന് നേരെ കഴിഞ്ഞ മാസം മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽവെച്ച് കല്ലേറുണ്ടായിരുന്നു. ഈ സംഭവങ്ങളിൽ കണ്ണൂരിലും കോഴിക്കോട്ടും അറസ്റ്റ് നടന്നിരുന്നു. അതിനിടെയാണ് താനൂരിന് സമീപമുണ്ടായ കല്ലേറിൽ രണ്ട് വിദ്യാർഥികൾ കൂടി അറസ്റ്റിലായത്.