09 May 2024 Thursday

‘കെഎസ്ആർടിസിക്ക് സർവകാല റെക്കോഡ് കളക്ഷൻ’; തിങ്കളാഴ്ച മാത്രം നേടിയത് 8.79 കോടി രൂപ

ckmnews



കെഎസ്ആർടിസിക്ക് റെക്കോർഡ് കളക്ഷൻ. ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനമായ തിങ്കളാഴ്ച ( സെപ്തംബർ -4 ) ന് പ്രതിദിന വരുമാനം 8.79 കോടി രൂപ എന്ന നേട്ടം കൊയ്തു. തിങ്കളാഴ്ച മാത്രം നേടിയത് 8,78,57891 രൂപ ആണ്. ജനുവരി 16 ലെ റെക്കോർഡ് ആണ് തിരുത്തിയത്. തെക്കൻ മേഖലയിലാണ് ഏറ്റവുമധികം കളക്ഷൻ നേടിയത്. ഇതിനു മുമ്പുളള റെക്കോർഡ് കളക്ഷൻ 8,48,36956 ആയിരുന്നു.

ഈ ഓണക്കാലത്ത് ആ​ഗസറ്റ് 26 മുതൽ ഒക്ടോബർ 4 വരെയുള്ള 10 ദിവസങ്ങളിലായി 70.97 കോടി രൂപയുടെ വരുമാനമാണ് കെഎസ്ആർടിക്ക് ലഭിച്ചത്. അതിൽ 5 ദിവസം വരുമാനം 7 കോടി രൂപ കടന്നു. 26 ന് 7.88 കോടി, 27 ന് 7.58 കോടി, 28 ന് 6.79 കോടി, 29 തിന് 4.39 കോടി, 30 തിന് 6.40 കോടി, 31 ന് 7.11 കോടി, സെപ്തംബർ 1 ന് 7.79 കോടി, 2 ന് 7.29 കോടി, 3 ന് 6.92 കോടി എന്നിങ്ങനെയാണ് പ്രതിദിന വരുമാനം.കെഎസ്ആർടിസി മാനേജ്മെന്റും, ജീവനക്കാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലമായാണ് റെക്കോഡ് വരുമാനം ലഭിച്ചതെന്നും, ഇതിന് പിന്നിൽ രാപകൾ ഇല്ലാതെ പ്രവർത്തിച്ച മുഴുവൻ ജീവക്കാരെയും അഭിനന്ദിക്കുന്നതായും സിഎംഡി അറിയിച്ചു. ഇതിന് മുൻപ് 2023 ജനുവരി 16 ന് ശബരിമല സീസണിൽ ലഭിച്ച 8.48 കോടി എന്ന റിക്കാർഡ് വരുമാനമാണ് ഇപ്പോൾ ഭേദിച്ചിരിക്കുന്നത് എന്നത് തിളക്കം വർദ്ധിപ്പിക്കുന്നു.


കൂടുതൽ ബസുകൾ നിരത്തിൽ ഇറക്കി 9 കോടി രൂപയെന്ന പ്രതിദിന വരുമാനമാണ് ലക്ഷ്യമിട്ടിട്ടുള്ളത് എന്നാൽ കൂടുതൽ പുതിയ ബസുകൾ എത്തുന്നതിൽ നേരിടുന്ന കാലതാമസമാണ് അതിന് തടസമെന്നും സിഎംഡി അറിയിച്ചു.