09 May 2024 Thursday

സനാതന വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു

ckmnews

സനാതന വിരുദ്ധ പരാമർശം: തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്തു


ന്യൂഡല്‍ഹി: തമിഴ്നാട് മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ചുള്ള പ്രസ്താവനയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. സുപ്രിംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു. സനതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും ഇത് ഉൻമൂലനം ചെയ്യപ്പെടേണ്ടതാണെന്നുമായിരുന്നു ഉദയനിധിയുടെ പരാമർശം.


കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ മകനും തമിഴ്നാട് മന്ത്രിസഭാ അംഗവുമായ ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മത്തിന് എതിരെ സംസാരിച്ചത്. സനാതന ധർമത്തെ പ്രതിരോധിക്കുകയല്ല തുടച്ച് നീക്കുകയാണ് വേണ്ടത്. ഡെങ്കി പോലെ, കൊറോണ പോലെ ഇത് തുടച്ച് നീക്കണമെന്നായിരുന്നു ഉദയനിധി പറഞ്ഞത്.


ഈ പരാമർശത്തിന് എതിരെയാണ്  സുപ്രിംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ഡൽഹി പൊലീസിൽ പരാതി നൽകിയത്. മതനിന്ദ ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. തൻ്റെ നിലപാടിൽ മാറ്റം ഇല്ലെന്നും കോടതിയിൽ ഇത് തെളിയിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. അതേസമയം, തമിഴ്നാട് മന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെ ബി.ജെ.പി പ്രതിഷേധം ശക്തമാക്കി. വംശീയ ഉന്മൂലനത്തിനുള്ള ആഹ്വാനമാണ് ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന്  ബി.ജെ.പി ആരോപിച്ചു.