09 May 2024 Thursday

ബഹ്‌റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു അപകടം ഓണാഘോഷം കഴിഞഞ്ഞ് മടങ്ങുന്നതിനിടെ

ckmnews

ബഹ്‌റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു


അപകടം ഓണാഘോഷം കഴിഞഞ്ഞ് മടങ്ങുന്നതിനിടെ


ബഹ്‌റൈന്‍:ബഹ്‌റൈനില്‍ ഉണ്ടായ വാഹനാപകടത്തില്‍ നാലു മലയാളികളടക്കം അഞ്ചു പേര്‍ മരിച്ചു. ആലിയില്‍ ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ ഹൈവേയില്‍ നിസാന്‍ കാറും ശുചീകരണ ട്രക്കും കൂട്ടിയിടിച്ചാണ് അപകടം. മരിച്ച അഞ്ചു പേരും മുഹറഖിലെ അല്‍ ഹിലാല്‍ ആശുപത്രി ജീവനക്കാരാണ്. കോഴിക്കോട് മായനാട് വൈശ്യംപുറത്ത് പൊറ്റമ്മല്‍ വി.പി. മഹേഷ് (33), വണ്ടൂര്‍ കാളികാവ് വെള്ളയൂര്‍ ജഗദ് വാസുദേവന്‍ (29), തൃശൂര്‍ ചാലക്കുടി ഗൈദര്‍ ജോര്‍ജ്, പയ്യന്നൂര്‍ എടാട്ട് അഖില്‍ രഘു (28), തെലങ്കാന സ്വദേശി സുമന്‍ രാജണ്ണ എന്നിവരാണ് മരിച്ചത്.

സല്‍മാബാദില്‍ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന നിസാന്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. മഹേഷാണ് വാഹനം ഓടിച്ചത്. ആലിയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. രണ്ട് വര്‍ഷം ബഹ്‌റൈനില്‍ ജോലി ചെയ്ത് നാട്ടിലെത്തിയ മഹേഷ് ആറുമാസം മുമ്പ് കുടുംബ സമേതം ബഹ്‌റൈനിലേക്ക് പോയതായിരുന്നു. ഭാര്യ: റില്യ. മകള്‍: ശ്രീഗ (എല്‍കെജി വിദ്യാര്‍ത്ഥി, ന്യൂ ഇന്ത്യന്‍ സ്‌കൂള്‍). അച്ഛന്‍: മൂത്തോറന്‍ (റിട്ട. പോലീസ്), അമ്മ മീനാക്ഷി: സഹോദരങ്ങള്‍: മനേഷ്, മഞ്ജു.

മലപ്പുറം വണ്ടൂര്‍ കാളികാവ് വെള്ളയൂര്‍ ഗോകുലത്തില്‍ റിട്ട. വില്ലേജ് ഓഫീസര്‍ പുത്തന്‍വീട്ടില്‍ വാസുദേവന്റെയും സുഷമയുടെയും മകനാണ് ജഗത്. ഒരു വര്‍ഷം മുന്‍പാണ് ജഗത് നാട്ടില്‍ വന്നു പോയത്. സഹോദരന്‍: രജത്ത്.

കണ്ണൂര്‍ എടാട്ട് താമരകുളങ്ങരയിലെ കാനാ വീട്ടില്‍ രഘുവിന്റേയും വടക്കന്‍ വീട്ടില്‍ മണിമേഖലയുടേയും മകനാണ് മരിച്ച അഖില്‍ രഘു. പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എക്‌സ്‌റേ ടെക്‌നീഷ്യനായി ജോലി ചെയ്തിരുന്ന ഇയാള്‍ നാലുമാസം മുമ്പാണ് ഗള്‍ഫില്‍ ജോലി ചെയ്യുന്ന സഹോദരന്‍ സൂരജിന്റെ അടുത്തേക്ക് പോയത്.

മൃതദേഹങ്ങള്‍ സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തുടര്‍ നടപടികള്‍ സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നാളെ വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് അല്‍ഹിലാല്‍ ആശുപത്രി അധികൃതരും അറിയിച്ചു