08 May 2024 Wednesday

‘ഓരോ പുലികളി സംഘത്തിനും 50,000 രൂപ’; സഹായവുമായി സുരേഷ് ഗോപി

ckmnews


തൃശൂർ: പുലികളി സംഘത്തിന് ധനസഹായം നൽകി നടനും മുൻ രാജ്യസഭാ എംപിയുമായ സുരേഷ് ഗോപി. ഓരോ പുലികളി സംഘത്തിനും 50,000 രൂപ വീതമാണ് ധനസഹായമായി നൽകിയത്. നേരിട്ടെത്തിയാണ് അദ്ദേഹം തുക കൈമാറിയത്.തൃശ്ശൂരിലെ പുലിമടകൾ സന്ദർശിച്ച സുരേഷ് ഗോപി ഓരോ സംഘങ്ങൾക്കും 50,000 രൂപ വീതമുള്ള ധനസഹായം നേരിട്ട് കൈമാറുകയായിരുന്നു. മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്നുമാണ് ധനസഹായം നൽകിയത്.നേരത്തെ കേന്ദ്ര സർക്കാരും പുലികളി സംഘങ്ങൾക്ക് ധനസഹായം അനുവദിച്ചിരുന്നു. കേന്ദ്ര സംസ്‌കാരിക വകുപ്പാണ് ഓരോ സംഘത്തിനും ഒരു ലക്ഷം രൂപ വീതം സഹായധനം അനുവദിച്ചത്.''കഴിഞ്ഞ വര്‍ഷം ബാധ്യത എത്രയാണെന്ന് പുലികളി സംഘം വെളിപ്പെടുത്തിയിരുന്നു. അന്ന് അത് കേന്ദ്ര സാംസ്കാരിക വകുപ്പിനെ അറിയിക്കുമ്പോൾ എംപിയല്ല. സാമ്പത്തിക ഭാരം കുറയ്ക്കാനുള്ള ഇടപെടൽ കേന്ദ്ര സർക്കാരിൽ നിന്നുണ്ടായി. തൃശൂരിനെ സ്നേഹിക്കുന്ന ഒരാളെന്ന നിലയ്ക്ക് സർക്കാരിന്റെ സഹായത്തിനൊപ്പം ചേര്‍ന്ന് നിന്ന് എന്തെങ്കിലും സഹായം നൽകണമെന്ന് എനിക്ക് തോന്നി''- സുരേഷ് ഗോപി പറഞ്ഞു.

15-ഓളം പുലികളി സംഘങ്ങളുണ്ടായിരുന്നത് സാമ്പത്തിക ബാധ്യത മൂലം ഇപ്പോൾ അഞ്ചെണ്ണമായി ചുരുങ്ങിയിട്ടുണ്ട്.അടുത്തവർഷം മുതൽ പുലികളിക്ക് സർക്കാർ സഹായം ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. തൃശൂർ കോർപറേഷനുമായി ഇക്കാര്യത്തിൽ പരസ്പര ധാരണ ഉണ്ടാക്കി പദ്ധതി പ്രാവർത്തികമാക്കുമെന്നും മന്ത്രി പറഞ്ഞു.