08 May 2024 Wednesday

ഉത്രാടത്തിൽ പൊടിപൊടിച്ച് മദ്യവിൽപ്പന മലയാളികൾ കുടിച്ച് തീർത്തത് 116 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ വിറ്റത് ഇരിങ്ങാലക്കുട

ckmnews

ഉത്രാടത്തിൽ പൊടിപൊടിച്ച് മദ്യവിൽപ്പന


മലയാളികൾ കുടിച്ച് തീർത്തത് 116 കോടിയുടെ മദ്യം; ഏറ്റവും കൂടുതൽ വിറ്റത് ഇരിങ്ങാലക്കുട


ഉത്രാടദിനത്തിൽ ബെവ്കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞ വർഷം ഇതേദിവസം വിറ്റതിനേക്കാൾ നാലു കോടിയുടെ മദ്യം അധികമായി വിറ്റു.എന്നാൽ ഇത്തവണ പ്രതീക്ഷിച്ച വിൽപ്പന നടന്നില്ലെന്നാണ് ബെവ്കോ പറയുന്നത്. 130 കോടിയുടെ വിൽപ്പനയാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇത് ലഭിച്ചില്ല. ഇത്തവണ മദ്യത്തിന്റെ വില കൂടിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റിലാണ് മദ്യത്തിന്റെ വില വർധിപ്പിച്ചത്. ഇതിന് ആനുപാതികമായ വർധന വിൽപ്പനയിൽ ഉണ്ടായിട്ടില്ലെന്നാണ് ബെവ്കോ അധികൃതർ പറയുന്നത്. വരുംദിവസങ്ങളിൽ വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലാണ് ബെവ്കോ.


ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. 1.06 കോടി രൂപയുടെ മദ്യമാണ് ഇരിങ്ങാലക്കുടയിൽ ഉത്രാട ദിനത്തിൽ വിറ്റത്. ബെവ്കോയുടെ കൊല്ലം ആശ്രാമം ഔട്ട്ലെറ്റ് വഴി വിറ്റത് 1.01 കോടി രൂപയുടെ മദ്യമാണ്.ചങ്ങനാശേരിയിൽ 95 ലക്ഷത്തിൻറെ വിൽപനയും നടന്നു.


ഉത്സവ സീസണിൽ റെക്കോഡ് മദ്യവിൽപ്പനയാണ് പതിവ്. മദ്യം വാങ്ങാൻ ഔട്ലെറ്റിലെത്തുന്നവർക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാകരുതെന്നാണ് വെയർഹൗസ് -ഔട്ട് ലെറ്റ് മാനേജർമാർക്ക് ബെവ്കോ നിർദേശം നൽകിയിരുന്നു. ജനപ്രിയ ബ്രാന്റുകളടക്കം ആവശ്യമുള്ള മദ്യം വെയർഹൗസിൽ നിന്നും കരുതണം. സ്റ്റോക്ക് ഉപഭോക്താക്കൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണം. പ്രത്യേകിച്ചൊരു ബ്രാന്റും ഉപഭോക്താവ് ആവശ്യപ്പെട്ടില്ലെങ്കിൽ സർക്കാരിന്റെ സ്വന്തം ബ്രാന്റായ ജവാൻ റം നൽകണമെന്നും ബെവ്കോ നിർദേശിച്ചിരുന്നു.