08 May 2024 Wednesday

മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ:പ്രവൃത്തികൾ സെപ്റ്റംബറിൽ ആരംഭിക്കും

ckmnews

മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ:പ്രവൃത്തികൾ സെപ്റ്റംബറിൽ ആരംഭിക്കും


കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം  ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം പൂർത്തീകരിക്കുന്നതിനായി എം.എൽ.എയുടെ 2022-23 വർഷത്തെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നനുവദിച്ച രണ്ട് കോടി രൂപയുടെ പ്രവൃത്തികൾ സെപ്റ്റംബർ ആദ്യവാരത്തിൽ  ആരംഭിക്കുമെന്ന് പി. ഉബൈദുള്ള എം.എൽ.എ അറിയിച്ചു.


നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുന്നത്  സംബന്ധിച്ച്  മുൻസിപ്പൽ ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗം  പി. ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ മുജീബ് കാടേരി അധ്യക്ഷത വഹിച്ചു.


പാർക്കിംഗ് ഗ്രൗണ്ട് ഇന്റർലോക്കിംഗ് സമയത്ത് നഗരസഭ ബസ് സ്റ്റാൻഡിൽ വാഹനങ്ങൾ  പാർക്ക്  ചെയ്യും. ഗാരേജിലേക്കും റാമ്പിലേക്കുമുള്ള വാഹനങ്ങളുടെ പ്രവേശനത്തിന് ആവശ്യമായ ക്രമീകരണങ്ങൾ വരുത്തും. കൺസൾട്ടിംഗ് ഏജൻസിയായ കെ.റെയിലുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും. ജല ലഭ്യത ഉറപ്പു വരുത്തുവൻ ഭൂഗർഭ ജല വകുപ്പുമായി ബന്ധപ്പെട്ട് കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും കെ.എസ് ആർ ടി.സി അധികൃതർ അറിയിച്ചു. 


മലപ്പുറം KSRTC ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവൃത്തികള്‍ 2016 ജനുവരിയിലാണ് ആരംഭിച്ചത്. ആദ്യഘട്ടമായി അനുവദിച്ച 7.90 കോടി ചെലവഴിച്ച് ഗ്രൗണ്ട് ഫ്ലോർ ഉൾപ്പെടെ നാലു നില കെട്ടിടത്തിന്റെയും ബസ്‌ ബേയുടെയും പ്രവൃത്തികൾ പൂർത്തിയായി. ബാക്കി പദ്ധതി പൂർത്തീകരണത്തിനാണ് രണ്ട് കോടി രൂപ  എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ചത്.  90 ലക്ഷത്തിന്റെ കെ.എസ്.ആർ.ടി.സി 

ഫണ്ടുപയോഗിച്ചുള്ള സിവിൽ - ഇലക്ട്രിക്കൽ  പ്രവൃത്തികൾ അന്തിമ ഘട്ടത്തിലാണ്. 


ജില്ലാ ആസ്ഥാനമായ മലപ്പുറം  ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന  KSRTC സബ് ഡിപ്പോയോട്  അനുബന്ധിച്ചുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ പണികള്‍ പൂര്‍ത്തീകരിക്കുന്നതോടെ KSRTC ക്ക് നല്ല വരുമാന മാര്‍ഗമാവും. ജില്ലാ ആസ്ഥാനത്തിന്റെ മുഖച്ഛായ  മാറും.


യോഗത്തിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സിദ്ദീഖ് നൂറേങ്ങൽ, കെ.മറിയുമ്മ ശരീഫ്, സി.പി. ആയിഷാബി, കൗൺസിലർ മാരായ ഒ.സഹദേവൻ, ശിഹാബ് മൊടയങ്ങാടൻ , പി എസ് എ. ശബീർ, 

ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ സി.നിഷിൽ ഹാരിസ് ആമിയൻ,എം.പി മുഹമ്മദ് , പി.കെ. ബാവ പി.സി. വേലായുധൻ കുട്ടി, പി.വി. ഉണ്ണികൃഷ്ണൻ , ശ്യാമള. കെ.എസ്., വിവിധ യൂണിയൻ പ്രതിനിധികളായ എ.കെ.ജയൻ , 

എൻ .കെ .എം ഫൈസൽ, പി.അനിൽകുമാർ കോൺട്രാക്ടർ സുൾഫിക്കർ കോഴിക്കോട് എന്നിവർ പങ്കെടുത്തു.