08 May 2024 Wednesday

കരുവാരക്കുണ്ട് തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം വീട്ടുടമ വിഷ്ണുവും അച്ഛനും സഹോദരങ്ങളുമടക്കം അഞ്ച് പേർ അറസ്റ്റിൽ

ckmnews

കരുവാരക്കുണ്ട് തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവം


വീട്ടുടമ വിഷ്ണുവും അച്ഛനും സഹോദരങ്ങളുമടക്കം അഞ്ച് പേർ അറസ്റ്റിൽ


മലപ്പുറം: കരുവാരക്കുണ്ട് തുവ്വൂരിൽ യുവതിയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ. ഏതാനും ദിവസമായി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന വിഷ്ണു, അച്ഛൻ മുത്തു, സഹോദരങ്ങളായ വൈശാഖ്, ജിത്തു, സുഹൃത്ത് ഷിഹാൻ എന്നിവരാണ് അറസ്റ്റിലായത്.പഞ്ചായത്തിലെ താത്കാലിക ജീവനക്കാരനായ വിഷ്ണു പ്രാദേശിക കോൺഗ്രസ് പ്രവർത്തകൻ കൂടിയാണ്.

തുവ്വൂരിൽ പള്ളിപ്പറമ്പ് മാങ്കുത്ത് മനോജിന്റെ ഭാര്യ സുജിതയെ കാണാതായതായി നേരത്തെ പരാതിയുണ്ടായിരുന്നു. ഇവർ കുടുംബശ്രീ പ്രവർത്തകയും കൃഷിഭവൻ താത്കാലിക ജീവനക്കാരിയുമാണ്. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് തിങ്കളാഴ്ച രാത്രി മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സുജിതയുടേതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാൽ, പുറത്തെടുത്ത് പരിശോധിച്ച ശേഷമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും പോലീസ് അറിയിക്കുന്നു. സുജിതയുമായി വിഷ്ണുവിന് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.


തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ അക്കരപ്പുറം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പു ഫലം വന്നശേഷം ആഹ്ളാദപ്രകടനം നടക്കുമ്പോൾ സുജിത ഉണ്ടായിരുന്നു. ഉച്ചയ്ക്ക് കൃഷിഭവനിൽനിന്ന് തലവേദനയെന്ന് പറഞ്ഞ് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഇറങ്ങിയ സുജിതയെക്കുറിച്ച് പിന്നീട് വിവരമുണ്ടായിരുന്നില്ല. ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഓഗസ്റ്റ് 11-നാണ് സുജിതയെ കാണാതാകുന്നത്. സുജിതയെ കാണാതായ വിവരം ഫെയ്സ് ബുക്കിലൂടെ ആദ്യം പങ്കുവെച്ചത് വിഷ്ണുവായിരുന്നു.


സുജിത അവസാനമായി ഫോണിൽ വിളിച്ചത് വിഷ്ണുവിനെയായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവർക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായി അറിവില്ലെന്ന് നാട്ടുകാരിലൊരാൾ പറഞ്ഞു. കാണാതായ സുജിതയും അറസ്റ്റിലായ വിഷ്ണുവും ഒരേ പഞ്ചായത്തിൽ ജോലിചെയ്തിരുന്നു, നാട്ടുകാരുമാണ്. ആ പരിചയം ഇരുവരും തമ്മിലുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.


റെയിൽവേ സ്റ്റേഷന് സമീപത്തുള്ള പകൽവീടിനു തൊട്ടുടുത്തായാണ് വിഷ്ണുവിന്റെ വീട്. മാലിന്യ ടാങ്ക് തുറന്ന് അരികിലായി കുഴി എടുത്താണ് മൃതദേഹം ഒളിപ്പിച്ചത്. കുഴിയുടെ മുകളിൽ കോൺക്രീറ്റ് മെറ്റൽ വിതറി കോഴിക്കൂട് സ്ഥാപിച്ച നിലയിലാണുണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ മാലിന്യ ടാങ്കിന് സമീപം കുഴിയെടുത്തത് ആരുടേയും ശ്രദ്ധയിൽപ്പെടില്ല