08 May 2024 Wednesday

നിലവാരമില്ലാത്ത ഉപകരണം : വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി

ckmnews


കൂടുതൽ സമൂസകൾ നിർമ്മിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിലവാരമില്ലാത്ത സമൂസ മേക്കർ നൽകി കബളിപ്പിച്ച കേസിൽ മെഷിന്റെ വിലയും രണ്ട് ലക്ഷം രൂപയും നഷ്ട പരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധി. നിറമരുതൂർ സ്വദേശി അബ്ദുൾ സലീം നൽകിയ പരാതിയിലാണ് വിധി.പ്രവാസിയായ പരാതിക്കാരൻ പ്രധാനമന്ത്രിയുടെ തൊഴിൽദാന പദ്ധതിയനുസരിച്ചാണ് ജില്ലാ വ്യവസായ കേന്ദ്രം വഴി ബേക്കറിക്കട ആരംഭിക്കാൻ തീരുമാനിച്ചത്. ബാങ്ക് ഓഫ് ബറോഡ ആവശ്യമായ 2,05,320 രൂപയുടെ ധനസഹായവും നൽകി. മണിക്കൂറിൽ 2000ത്തിൽ പരം സമൂസ വൈവിധ്യമാർന്ന വിധത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന ഉറപ്പിലാണ് മെഷീൻ വാങ്ങിയത്. കേരളത്തിൽ 5000ത്തിൽപരം മെഷീനുകൾ വിതരണം ചെയ്തിട്ടുണ്ടെന്നും വിശ്വസിപ്പിച്ചു. പണം കൊടുത്താൽ മൂന്നാം ദിവസം സപ്ലൈ ചെയ്യുമെന്നായിരുന്നു അറിയിച്ചത്. 2019 ഏപ്രിൽ നലിന് പണം നൽകിയിട്ടും ഒക്ടോബർ മാസം 12നു മാത്രമാണ് മെഷീൻ നൽകിയത്. ഭാര്യയും മക്കളും മരുമക്കളും ചേർന്നുള്ള സംരംഭത്തിന് 14 ദിവസത്തെ പരിശീലനവും ഉറപ്പു നൽകിയിരുന്നു. ഒടുവിൽ ഉറപ്പു ഫോൺ വഴിയായിരുന്നു പരിശീലനം. 2000 സമൂസകൾക്കുപകരം 300 സമൂസകൾ മാത്രമാണ് മെഷീൻ വഴി ഉണ്ടാക്കാനായത്. ഇതേ തുടർന്നാണ് പരാതിക്കാരൻ ജില്ലാ ഉപഭോക്തൃകമ്മീഷനെ സമീപിച്ചത്. എതിർ കക്ഷികളുടെ നടപടി അനുചിതവ്യാപാരമാണെന്ന് കണ്ടതിനെ തുടർന്ന് മെഷീനിനിന്റെ വിലയായി 2,03,700 രൂപയും നഷ്ടപരിഹാരമായി രണ്ട് ലക്ഷം രൂപയും കോടതി ചെലവായി 25,000 രൂപയും പരാതിക്കാരന് നൽകാൻ ഉത്തരവിട്ടു. ഒരു മാസത്തിനകം ഉത്തരവ് നടപ്പിലാക്കാത്തപക്ഷം 12 ശതമാനം പലിശയും നൽകണമെന്ന് കെ.മോഹൻദാസ് പ്രസിഡന്റും , പ്രീതി ശിവരാമൻ, മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധിയിൽ പറഞ്ഞു.