09 May 2024 Thursday

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ckmnews


കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലെത്തി അനുഗ്രഹം വാങ്ങിയ ശേഷമാണ് ചാണ്ടി ഉമ്മന്‍ വരണാധികാരിക്ക് മുമ്പിലെത്തി പത്രികാ സമര്‍പ്പണം നടത്തിയത്.

 ചാണ്ടി ഉമ്മന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് സി.ഒ.ടി.നസീറിന്റെ മാതാവാണ്. കണ്ണൂരില്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസിലെ പ്രതിയാണ് സിഒടി നസീര്‍. പാമ്പാടി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ വെച്ച് സി.ഒ.ടി.നസീറിന്റെ മാതാവ് ചാണ്ടി ഉമ്മന് കെട്ടിവെക്കാനുള്ള തുക കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് നസീറിന്റെ മാതാവിന് എത്താനായില്ല. തുടര്‍ന്ന് പണം അയച്ചുനല്‍കുകയായിരുന്നു. രാവിലെ 11.30-നാണ് പള്ളിക്കത്തോടുള്ള പാമ്പാടി ബ്ലോക്ക്ഡെവലപ്പ്മെന്റ് ഓഫീസിലെത്തി ചാണ്ടി ഉമ്മന്‍ പത്രിക സമര്‍പ്പിച്ചത്.

 2013 ഒക്ടോബര്‍ 27-ന് കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വച്ചായിരുന്നു ഉമ്മന്‍ചാണ്ടിക്ക് നേരെ ആക്രമണം ഉണ്ടായത്. കല്ലേറില്‍ കാറിന്റെ ചില്ല് തകര്‍ന്ന് ഉമ്മന്‍ചാണ്ടിക്ക് പരിക്കേറ്റിരുന്നു. കേസിലെ പ്രതിയായ സി.ഒ.ടി.നസീര്‍ പിന്നീട് ഉമ്മന്‍ചാണ്ടിയോട് ക്ഷമാപണം നടത്തിയിരുന്നു.