09 May 2024 Thursday

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമർദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ckmnews


തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ മുന്നറിയിപ്പ്. വെള്ളിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം നേരിയ തോതില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.മണ്‍സൂണ്‍ പാത്തി നിലവില്‍ ഹിമാലയന്‍ താഴ്വരയില്‍ സ്ഥിതി ചെയ്യുകയാണ്. വെള്ളിയാഴ്ചയോടെ തെക്ക് ഭാഗത്തേക്ക് മാറി സാധാരണ സ്ഥാനത്ത് എത്താന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 40 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി സംസ്ഥാനത്ത് തെളിഞ്ഞ അന്തരീക്ഷമാണ്. പതിവായി ഓഗസ്റ്റ് മാസത്തില്‍ ശക്തമായ മഴയാണ് കേരളത്തിന് ലഭിക്കാറ്. ഇത്തവണ മഴ കുറഞ്ഞതിനാല്‍ വരുംമാസങ്ങളില്‍ കുടിവെള്ള ക്ഷാമം നേരിടുമോ എന്ന ആശങ്കയുമുണ്ട്.അതേസമയം നിലവില്‍ കേരളത്തില്‍ എവിടെയും ശക്തമായ മഴ മുന്നറിയിപ്പുകളില്ല. ഇന്നു മുതല്‍ 20ാം തീയതി വരെ ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് ജില്ലകളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്. അതേസമയം കേരള - കർണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വ്യാഴാഴ്ച മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ വ്യാഴാഴ്ച ഈ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.തെക്കൻ തമിഴ്‌നാട് തീരത്ത് ബുധനാഴ്ച രാത്രി 11.30 വരെ 0.5 മുതൽ 1.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.