09 May 2024 Thursday

ആറാംനാള്‍ 64 കോടി, 400 കോടിയും കടന്ന് കുതിക്കുന്ന 'ജയിലര്‍'

ckmnews


'ജയിലറി'ലൂടെ രജനികാന്ത് ഇപ്പോള്‍ ആറാടുകയാണ്. പ്രതീക്ഷികള്‍ക്കും അപ്പുറത്താണ് രജനികാന്തിന്റെ 'ജയിലര്‍' സിനിമയ്‍ക്ക് ലഭിക്കുന്നത്. കളക്ഷനില്‍ റെക്കോര്‍ഡുകള്‍ പലതും തിരുത്തിക്കുറിച്ചാണ് ചിത്രം മുന്നേറുന്നത്. ആഗോളവിപണിയില്‍ രജനികാന്തിന്റെ 'ജയിലര്‍' നാന്നൂറ് കോടി നേടിയിരിക്കുന്നു എന്നതാണ് മനോബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

ആറാംനാള്‍ മാത്രം ചിത്രം 64 കോടി രൂപ നേടിയപ്പോള്‍ രജനികാന്ത് നായകനായ 'ജയിലര്‍' തമിഴ്‍നാട്ടില്‍ ആകെ 150 കോടിലേക്ക് എത്തുകയുമാണ്. മൊത്തം 400 കോടിയും കവിഞ്ഞു. 'മുത്തു പാണ്ഡ്യ'ന്റെ വരവില്‍ നേടിയ കളക്ഷൻ റിലീസുതൊട്ട് 95.78, 56.24, 68.51, 82.36, 49.03, 64.27 എന്നിങ്ങനെ ആകെ 416.19 കോടി രൂപയില്‍ എത്തിനില്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

അക്ഷരാര്‍ഥത്തില്‍ രജനികാന്ത് 'ജയിലര്‍' എന്ന ചിത്രത്തില്‍ നിറഞ്ഞാടിയിരിക്കുകയാണ്. വളരെ സാധാരണക്കാരനായി തോന്നിപ്പിച്ച് മാസാകുന്ന കഥാപാത്രമാണ് രജനികാന്തിന്. 'ബാഷ'യെ ഒക്കെ ഓര്‍മിക്കുന്ന ഒരു കഥാപാത്രം ആയതിനാല്‍ രജനികാന്ത് ആരാധകര്‍ ആവേശത്തിലുമായി. ആദ്യം കുടുംബസ്ഥനായി റിട്ടയര്‍മന്റ് ആസ്വദിക്കുന്ന കഥാപാത്രം പ്രത്യേക സാഹചര്യത്തില്‍ ചില നിര്‍ണായക വിഷങ്ങളില്‍ ഇടപെടേണ്ടി വരുന്നതും പിന്നീട് മാസ് കാട്ടുന്നതുമാണ് 'ജയിലറി'നെ ആരാധകര്‍ക്ക് ആവേശമാക്കുന്നത്. സണ്‍ പിക്ചേഴ്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലും ശിവ രാജ്‍കുമാറും രജനികാന്ത് ചിത്രത്തില്‍ അതിഥി വേഷങ്ങളില്‍ എത്തിയതും വിജയത്തിന് നിര്‍ണായകമായി. തമിഴകം മാത്രമല്ല രാജ്യമൊട്ടാകെ രജനികാന്ത് ചിത്രം ഏറ്റെടുത്തിരിക്കുകയാണ്.

നെല്‍സണിന്റെ വിജയ ചിത്രങ്ങളില്‍ ഇനി ആദ്യം ഓര്‍ക്കുക രജനികാന്ത് നായകനായി വേഷമിട്ട 'ജയിലറാ'യിരിക്കും. ശിവകാര്‍ത്തികേയന്റെ 'ഡോക്ടര്‍' 100 കോടിയിലെത്തിച്ച സംവിധായകൻ നെല്‍സണ്‍ രജനികാന്തിന് ഇപ്പോള്‍ വമ്പൻ ഹിറ്റ് സമ്മാനിച്ചിരിക്കുകയാണ്. വിജയ് നായകനായ 'ബീസ്റ്റി'ന്റെ വൻ പരാജയം മറക്കാം ഇനി. അനിരുദ്ധ് രവിചന്ദറിന്റെ സംഗീത സംവിധാനത്തിലുളള ചിത്രത്തിലെ പാട്ടുകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നു.