09 May 2024 Thursday

ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം

ckmnews


ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തൽ വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ വ്യാഴാഴ്ച്ചയാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയിച്ചതോടെ ലാൻഡറും–പ്രൊപ്പൽഷൻ മൊഡ്യൂളും വേർപിരിയുന്നതിനായുള്ള നടപടികൾക്ക് ഐഎസ്ആർഒ തുടക്കമിട്ടു.

വ്യാഴാഴ്ച പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്നു വേർപെടുന്ന ലാൻഡർ പതിയെ താഴ്‌‍ന്നു തുടങ്ങും. 23ന് വൈകിട്ട് 5.47നു ചന്ദ്രോപരിതലത്തിൽ ഇറങ്ങാൻ ലക്ഷ്യമിട്ടാണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ ചന്ദ്രനിൽ നിന്ന് 163 കിലോമീറ്റർ അകലെയാണ് പേടകം. ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്.


ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ശേഷം 5 ഘട്ടങ്ങളിലായാണ് ഭ്രമണപഥം താഴ്‌ത്തിയത്. ബെംഗളുരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് ഗ്രൗണ്ട് സ്റ്റേഷനാണു പേടകത്തെ നിയന്ത്രിക്കുന്നത്.

ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ LVM 3- M4 ആണ് ചന്ദ്രയാനെ ബഹിരാകാശത്തേയ്ക്ക് വഹിക്കുക. 4000 കിലോയിലധികം ഭാരവാഹക ശേഷിയുണ്ട് ഈ റോക്കറ്റിന്. 43.5 മീറ്റർ ഉയരവും 4 മീറ്റർ വ്യാസവും 640 ടൺ ഭാരവുമുണ്ട് ഇതിന്.