09 May 2024 Thursday

മാത്യു കുഴൽനാടൻ എംഎൽഎ നികുതി വെട്ടിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും

ckmnews


മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കും. ചിന്നക്കനാലിൽ നികുതിവെട്ടിപ്പ് നടത്തി എന്ന പരാതി അന്വേഷിക്കാനാണ് നീക്കം. വക്കീൽ ഓഫീസ് വഴി കള്ളപ്പണം വെളിപ്പിച്ചു എന്ന പരാതിയും വിജിലൻസിന് മുന്നിലുണ്ട്. ദിവസങ്ങൾക്കുള്ളിൽ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം.


സി.പി.ഐ.എം എറണാകുളം ജില്ലാ സെക്രട്ടറി നൽകിയ പരാതിയിൽ അന്വേഷണം നടത്താനാണ് നീക്കം. ചിന്നക്കനാലിൽ കെട്ടിടത്തിന് അനുമതി നേടിയെടുത്തതിലും ക്രമക്കേട് നടന്നുവെന്ന് ആക്ഷേപമുണ്ട്. നിലവിൽ കെട്ടിടം ഉള്ളത് മറച്ചുവെച്ച് പുതിയ കെട്ടിടം പണിയാൻ അനുമതിക്ക് അപേക്ഷ നൽകിയെന്നാണ് ആക്ഷേപം.


സിപിഐഎം തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ രംഗത്തുവന്നിരുന്നു. ആരോപണങ്ങളിൽ നിന്ന് ഒളിച്ചോടില്ലെന്ന് പറഞ്ഞ മാത്യു കുഴൽനാടൻ, കൃത്യമായി പഠിച്ച് ഇന്ന് മറുപടി പറയുമെന്നും ഫേസ്ബുക്കിൽ പ്രതികരിച്ചു. രാഷ്ട്രീയമായി ആരോപണം ഉന്നയിച്ചവരെ പരിഹസിക്കില്ല. മാധ്യമ അജണ്ടയാണെന്നും പറയില്ല. താനൊരു പൊതുപ്രവർത്തകനാണ്. ചോദ്യം ചെയ്യുന്നതിനുള്ള അവകാശം എതിർ രാഷ്ട്രീയ കക്ഷികൾക്കും പൊതുജനങ്ങൾക്കുമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.