09 May 2024 Thursday

കഞ്ചാവ് കേസ് പ്രതികള്‍ എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു

ckmnews


കണ്ണൂര്‍: കണ്ണൂർ തലശ്ശേരിയിൽ കഞ്ചാവ് കേസ് പ്രതികളുടെ പരാക്രമം. അക്രമത്തിൽ എക്സ്സൈസ് ഓഫീസ് അടിച്ചു തകർത്തു. കഞ്ചാവ് കേസില്‍ പിടികൂടി എത്തിച്ച പ്രതികളാണ് കസ്റ്റഡിയിൽ നിൽക്കെ ഓഫീസ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പെരിങ്ങത്തൂർ സ്വദേശി സുൽത്താൻ ജമാൽ, ധർമ്മടം സ്വദേശി ഖലീൽ എന്നിവരാണ് അക്രമം നടത്തിയത്.

അക്രമത്തിൽ ഓഫീസിലെ മേശകളും കസേരകളും പ്രതികൾ തല്ലി തകര്‍ത്തു. ഇവരുടെ കൈയിൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ഇരുവർക്കുമെതിരെ കഞ്ചാവ് കേസിന് പുറമെ പൊതുമുതൽ നശിപ്പിച്ചതിനും കൃത്യനിർവഹണം നടത്തുകയായിരുന്ന ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം തലശേരി എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സുധീർ വാഴവളപ്പിലിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ തലശേരിയിലെ സ്വകാര്യ ലോഡ്ജിന് മുന്നിൽ നിന്നാണ് ഇരുവരെയും പിടികൂടുന്നത്. ഖലീലിൻ്റെ കൈവശം 18 ഗ്രാമും, ജമാലിൻ്റെ കൈവശം 22 ഗ്രാമുമാണ് പിടിച്ചെടുത്തത്. പരിശോധനയിൽ ജമാലിൻ്റെ കൈയ്യിൽ നിന്നും എസ് മോഡൽ കത്തിയും പിടികൂടി.


ഇതിനു മുൻപും ഖലീലിനെ കഞ്ചാവ് കേസിൽ എക്സ്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കഞ്ചാവുമായി പിടിയിലായത്. ജമാൽ പെരിങ്ങത്തൂരിലെ സൂപ്പർ മാർക്കറ്റ് അടിച്ചു പൊളിച്ച കേസിലും പ്രതിയാണ്. പ്രതികളെ ന്യൂമാഹി പൊലീസിന് കൈമാറും.