09 May 2024 Thursday

ഇഡി കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം: വിചാരണ കോടതി നടപടികൾക്ക് സ്റ്റേ

ckmnews


കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ആശ്വാസം. ഇഡി കേസിലെ വിചാരണ കോടതി നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണക്കോടതിയിൽ സമർപ്പിച്ച വിടുതൽ ഹർജി തള്ളിയതിനെ തുടർന്നാണ് ബിനീഷ് കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ഹേമന്ത് ആണ് ഹർജി പരിഗണിച്ചത്. ലഹരിക്കടത്ത് കേസിലെ പ്രതിയല്ലാത്തതിനാൽ പ്രഥമദൃഷ്ട്യാ കള്ളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.


ബിനീഷിനെതിരായ കേസ് സ്റ്റേ ചെയ്തതിനാൽ ഹൈക്കോടതി നടപടികൾ പൂർത്തിയാകുന്നതുവരെ ബിനീഷിന് വിചാരണക്കോടതിയിൽ ഹാജരാകേണ്ടതില്ല. 2020 ഓഗസ്റ്റിൽ കൊച്ചി സ്വദേശിയായ മുഹമ്മദ് അനൂപ് തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ നടി അനിഖ എന്നിവരെ ലഹരി കേസിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതായിരുന്നു കേസിന്റെ തുടക്കം.


ഒന്നാം പ്രതി അനൂപിൽ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്. കേസിൽ ചോദ്യം ചെയ്യാൻ വിളിപ്പിക്കപ്പെട്ട ബിനീഷ് ബെംഗളൂരുവിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആസ്ഥാനത്തുവച്ച് അറസ്റ്റിലാവുകയായിരുന്നു. ഒരു വർഷ കാലം ജാമ്യമില്ലാതെ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞ ബിനീഷ് കോടിയേരിക്ക് 2021ൽ ആയിരുന്നു ഉപാധികളോടെ ജാമ്യം ലഭിച്ചത്.