08 May 2024 Wednesday

സ്‌കൂളിലെ പരാതിപ്പെട്ടിയിൽ അധ്യാപകനെതിരേ 16 പീഡനപരാതികള്‍;പോക്‌സോ കേസ്, പ്രതി ഒളിവിൽ

ckmnews

സ്‌കൂളിലെ പരാതിപ്പെട്ടിയിൽ അധ്യാപകനെതിരേ 16 പീഡനപരാതികള്‍;പോക്‌സോ കേസ്, പ്രതി ഒളിവിൽ


മലപ്പുറം: കരുളായിയിൽ സ്കൂൾ അധ്യാപകൻ പീഡിപ്പിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളുടെ പരാതിപ്രളയം. വല്ലപ്പുഴ സ്വദേശിയും കരുളായിയിൽ സ്കൂൾ അധ്യാപകനുമായ നൗഷാർ ഖാനെതിരേയാണ് വിദ്യാർഥികളുടെ കൂട്ടപരാതി കിട്ടിയത്. സ്കൂൾ അധികൃതർ വിവരം പോലീസിൽ അറിയിച്ചതോടെ പൂക്കോട്ടുംപാടം പോലീസ് അധ്യാപകനെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.


സ്കൂളിൽ സ്ഥാപിച്ച പരാതിപ്പെട്ടി തുറന്ന് പരിശോധിച്ചതോടെയാണ് 16 പീഡനപരാതികൾ സ്കൂൾ അധികൃതർക്ക് ലഭിച്ചത്. ഇതെല്ലാം അധ്യാപകനായ നൗഷാർ ഖാന് എതിരേയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം പോലീസിൽ അറിയിക്കുകയും കേസെടുക്കുകയുമായിരുന്നു.


നിലവിൽ ഒരുവിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തിയാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജൂലായ് 20-ാം തീയതി അധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് ഈ വിദ്യാർഥി നൽകിയ മൊഴി.


അതേസമയം, പോലീസ് കേസെടുത്തതോടെ അധ്യാപകനായ നൗഷാർ ഖാൻ ഒളിവിൽപോയിരിക്കുകയാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ടെന്നും സംഭവത്തിൽ കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു